400 കിലോ യുറേനിയം ഇറാന്‍ കടത്തി?

60 ശതമാനം സമ്പുഷ്ടീകരിച്ചതാണ് അപ്രത്യക്ഷമായ 400 കിലോഗ്രാം യുറേനിയം. ആയുധം നിര്‍മ്മിക്കാന്‍ പാകത്തിലുള്ള യുറേനിയമാണ് കാണാതായിരിക്കുന്നത്. ആണവായുധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ഇറാന്‍ ഇനിയും മുമ്പോട്ട് പോയേക്കാം എന്നതിന്റെ സൂചനകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

author-image
Biju
New Update
forSF

വാഷിങ്ടണ്‍: ഇറാന്‍- ഇസ്രയേല്‍ താല്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെന്ന് പറയുമ്പോഴും യുദ്ധത്തെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഒഴിയുന്നില്ല. ഇറാനില്‍ തങ്ങള്‍ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളില്‍നിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി അമ്രേിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ വാക്കുകളാണ് വീണ്ടും വിവാദമായിരിക്കുന്നത്. 

വെടിനിര്‍ത്തലിനിടെയും ഇറാന്‍ ആണവായുധ നിര്‍മ്മാണവുമായി മുന്നോട്ടുപോയാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ജെ.ഡി. വാന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഞങ്ങള്‍ ഇറാനുമായിട്ടല്ല യുദ്ധം ചെയ്യുന്നത്. ഇറാന്റെ ആണവായുധനിര്‍മാണ പദ്ധതിക്ക് എതിരായാണ് ഞങ്ങളുടെ യുദ്ധം, ജെഡി വാന്‍ പറഞ്ഞു. ഇറാന്‍ ഭാവിയില്‍ ആണവായുധ നിര്‍മ്മാണം നടത്തുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ശക്തിയെന്താണെന്ന് ഇനിയും അറിയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

60 ശതമാനം സമ്പുഷ്ടീകരിച്ചതാണ് അപ്രത്യക്ഷമായ 400 കിലോഗ്രാം യുറേനിയം. ആയുധം നിര്‍മ്മിക്കാന്‍ പാകത്തിലുള്ള യുറേനിയമാണ് കാണാതായിരിക്കുന്നത്. ആണവായുധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ഇറാന്‍ ഇനിയും മുമ്പോട്ട് പോയേക്കാം എന്നതിന്റെ സൂചനകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ഇസ്രയേല്‍ ഉദ്യോഗസ്ഥരും യുറേനിയം കാണാതായ കാര്യം വ്യക്തമാക്കിയിരുന്നു.

യുറേനിയം കൂടാതെ ചില ഉപകരണങ്ങളും ഇവിടെനിന്ന് ഇറാന്‍ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആണവായുധ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമിക്കുന്നതിന് മുമ്പുള്ള സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഫൊര്‍ദൊ ആണവായുധ കേന്ദ്രങ്ങളുടെ അടുത്ത് 16 ഓളം ട്രക്കുകളുടെ നിര വ്യക്തമായി കാണുന്നുണ്ട്. എന്നാല്‍, യുറേനിയം എവിടേക്ക് മാറ്റി എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. മറ്റൊരു ഭൂഗര്‍ഭ കേന്ദ്രത്തിലേക്ക് ഇവ മാറ്റിയിരിക്കാമെന്നാണ് അമേരിക്കയും ഇസ്രയേലും കരുതുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഇറാന്റെ ആണവകേന്ദ്രങ്ങളായ നതാന്‍സ്, ഇസ്ഫഹാന്‍, ഫൊര്‍ദോ എന്നിവിടങ്ങളിലായി അമേരിക്കന്‍ വ്യോമസേന ബോംബാക്രമണം നടത്തിയത്. ബി-2 സ്റ്റെല്‍ത്ത് സ്പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ ആണവനിലയങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിടുകയായിരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടംമുതല്‍ ഇസ്രയേലിനെ പിന്തുണച്ചിരുന്നെങ്കിലും ഞായറാഴ്ചത്തെ ആക്രമണത്തോടെയാണ് അമേരിക്ക പ്രത്യക്ഷത്തില്‍ യുദ്ധമുഖത്തേക്ക് എത്തിയത്.

 

iran israel