/kalakaumudi/media/media_files/2025/08/16/b2-2025-08-16-15-26-41.jpg)
വാഷിങ്ടണ്‍: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ മാതാവ് ജാക്കി ബെസോസ് (78) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ജെഫ് അടക്കം നിരവധി പ്രമുഖരാണ് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. എന്നാലിപ്പോള്‍ അവരുടെ സ്വത്ത് വിവരത്തെക്കുറിച്ചുള്ള വിവരങ്ങളാണ് വിദേശമാദ്ധ്യമങ്ങളടക്കം പുറത്തുവിടുന്നത്.
'ലെവി ബോഡി ഡിമെന്‍ഷ്യ' എന്ന രോഗവുമായിബന്ധപ്പെട്ട് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അവര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചതെന്ന് ബെസോസ് ഫാമിലി ഫൗണ്ടേഷന്‍ വെബ്സൈറ്റ് പറയുന്നത്. ബെസോസിന്റെ ബിസിനസ് സാഹസങ്ങളെ എന്നും കണ്ണടച്ച് സപ്പോര്‍ട്ട് ചെയ്തിരുന്നയാളായിരുന്നു ജാക്കി. ബെസോസിന്റെ തുടക്കകാലം മുതല്‍ തന്നെ അദ്ദേഹത്തിന്റെ ഫണ്ടിംഗിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളള്‍ ഉണ്ടായിരുന്നു.
എന്നാലിപ്പോള്‍ ഉയരുന്ന ആരോപണം ജെഫ് ബെസോസ് അമ്മയുടെ സ്വത്ത് ഉപയോഗിച്ചാണ് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതെന്നാണ് പറയുന്നത്. 1995ല്‍, ജാക്കി ബെസോസും ഭര്‍ത്താവ് മിഗ്വല്‍ 'മൈക്ക്' ബെസോസും ജെഫിന്റെ വളര്‍ന്നുവരുന്ന ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പിനെ പിന്തുണയ്ക്കാന്‍ 245,573 ഡോളര്‍ നിക്ഷേപിച്ചിരുന്നുവെന്നാണ് പറയുന്നത്. 1995 ജൂലൈയില്‍ ജാക്കി ബെസോസ് 847,716 ഓഹരികള്‍ വാങ്ങി, അഞ്ച് മാസം മുമ്പ് ഭര്‍ത്താവ് 582,528 ഓഹരികള്‍ വാങ്ങിയതും വാര്‍ത്തയായിരുന്നു. ആമസോണിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ വന്ഡ സാമ്പത്തിക അട്ടിമറിയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
ആര്‍ക്കും മനസിലാക്കാന്‍ പറ്റാത്ത, അതിബുദ്ധിമാനായ തണുത്ത രക്തം സിരകളില്‍ ഓടുന്ന ഒരു ബിസിനസ് രാക്ഷസനായാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാന്റിന്റെ അമരക്കാരന്‍ ജെഫ് ബെസോസിനെ അമേരിക്കന്‍ മാധ്യമ ലോകം വിശേഷിപ്പിക്കുന്നത്. ആഗ്രഹിച്ചത് നേടാന്‍ ജെഫ് ബെസോസ് എന്തും ചെയ്യും. ഒരു പക്ഷേ ഈ നിശ്ചയദാര്‍ഢ്യമാകാം കേവലം ഒരു ഓണ്‍ലൈന്‍ പുസ്തക വില്‍പന സങ്കേതമായി വാഷിംഗ്ടണിലെ വീടിന്റെ ഗാരേജില്‍ തുടക്കം കുറിച്ച ആമസോണിനെ ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ഭീമന്മാരാക്കി മാറ്റിയത്. ബില്‍ഗേറ്റ്‌സിനെ വെട്ടിച്ച് ജെഫ് റി പ്രെസ്റ്റന്‍ ബെസോസ് ജോര്‍ഗന്‍ സന്‍ എന്ന ജെഫ് ബെസോസിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാക്കിയതും തോല്‍ക്കാന്‍ മനസ്സില്ലാത്ത ഈ ആത്മധൈര്യമാണ്.
1994 ജൂലൈ മാസം 5-ാം തീയതി കഡാബ് ഡി എന്ന പേരില്‍ ഓണ്‍ലൈന്‍ പുസ്തക വില്‍പനക്കായിട്ടായിരുന്നു കമ്പനി റജിസ്റ്റര്‍ ചെയ്തത്. പിന്നീട് പേരിന് രാശി പോരെന്ന് തോന്നി. കുറെ ആലോചിച്ചു. ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യാക്ഷരമായ എ യില്‍ തുടങ്ങുന്ന ഒരു പേരു വേണം. തെക്കേഅമേരിക്കയെ നട്ടുനനച്ചൊഴുകുന്ന ആമസോണ്‍ ജലസമൃദ്ധിയില്‍ ലോകത്തിലെ ഏറ്റവും വലിയ നദിയാണ്. ആമസോണ്‍ നദിയുടെ പെരുമ ലോകമെങ്ങും അറിയാം. കൂടുതലൊന്നും ചിന്തിച്ച് സമയം കളഞ്ഞില്ല. ആമസോണ്‍ അതു തന്നെയാകട്ടെ തന്റെ കമ്പനിയുടെ പേര് എന്ന് ജെഫ് ബെസോസ് നിശ്ചയിച്ചു.
ഇന്ന് അമേരിക്കയിലെ അഞ്ച് വലിയ ഐ.ടി കമ്പനികളില്‍ ഒന്നാണ് ആമസോണ്‍. ലോകത്തിലെ ' തന്നെ ടെക്‌നോളജി ഭീമനായി വളര്‍ന്ന ആമസോണ്‍ ഇപ്പോള്‍ ബഹിരാകാശ പര്യവേഷണത്തില്‍ വരെ എത്തി നില്‍ക്കുന്നു. ആസ്ഥാനം വാഷിംഗ്ടണിലെ സിയാറ്റില്‍. ഇകൊമേഴ്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റല്‍ സ്ട്രീമിംഗ്, നിര്‍മിത ബുദ്ധി, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഡ്രൈവറില്ലാ കാര്‍, എന്നീ മേഖലകളിലെല്ലാം അജയ്യരായി മുന്നേറികൊണ്ടിരിക്കുന്നു . വൈവിധ്യമാര്‍ന്ന മേഖലകളില്‍ 32 സബ്‌സിഡിയറികളുമായി ജൈത്രയാത്ര തുടരുന്ന ആമസോണ്‍ 321. 2 ബില്യന്‍ ഡോളര്‍ ആസ്തിയോടെ ആഗോള സാന്നിധ്യമായി മാറി കഴിഞ്ഞു. ഇന്ന് വരുമാനത്തിലും വിപണി മൂലധനത്തിലും ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ കമ്പനിയാണ് ആമസോണ്‍.
ചെറുപ്പംതൊട്ടേ ഒരുതരം ഉള്‍വലിഞ്ഞ സ്വഭാവമായിരുന്നു ജെഫിന്. ഒരു പക്ഷേ നാലാം വയസ്സില്‍ മാതാപിതാക്കളുടെ വേര്‍പിരിയലിന് സാക്ഷിയാകേണ്ടി വന്നതാകാം കാരണം. ജെഫിന്റെ അമ്മ പിന്നീട് മൈക്ക് ബെസോസിനെ വിവാഹം കഴിച്ചു. മൈക്കിന് ജെഫിനെ വലിയ ഇഷ്ടമായിരുന്നു. ജെഫിന്റെ പേരിനൊപ്പം ബെസോസ് കൂടി ചേര്‍ത്തു ജെഫ് ബെസോസ് എന്ന ഔദ്യോഗിക നാമം നല്‍കി. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ ഒരു അന്വേഷണ കുതുകിയായിരുന്നു ജെഫ്. പഠനത്തില്‍ മുമ്പന്‍. ഹൈസ്‌കൂള്‍ പഠനകാലത്ത് പോക്കറ്റ് മണിക്ക് വേണ്ടി മക്‌ഡൊണാള്‍ഡ് സില്‍ പാര്‍ട് ടൈം കുക്ക് ആയി ജോലി ചെയ്യുമായിരുന്നു.
ചെറുപ്പം തൊട്ടേ ബഹിരാകാശ വിഷയങ്ങളില്‍ തല്‍പരനായിരുന്നു. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞതും സ്റ്റുഡന്റ്‌സ് സ്‌പേസ് ക്ലബിന്റെ പ്രസിഡന്റായി. സയന്‍സിലും സാങ്കേതിക വിഷയങ്ങളിലുമാണ് താല്‍പര്യം മുഴുവനും. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സഹോദരനെ നേരത്തേ ഉണര്‍ത്താനായി അലാറം ഉണ്ടാക്കിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യയിലെ ആദ്യ പരീക്ഷണം. ഇലക്ട്രിക്കല്‍ ആന്റ് കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനിയറിങ് ബിരുദം നേടി. 30 വയസു വരെ വ്യത്യസ്തമായ മേഖലകളില്‍ ജോലി ചെയ്തു അനുഭവസമ്പത്തു നേടി. സ്വന്തമായൊരു സംരംഭം അവന്റെ സ്വപനമായിരുന്നു. അങ്ങനെയാണ് ആമസോണിന്റെ ജനനം.
ബ്ലൂംബെര്‍ഗ് ബില്യനെയേഴ്‌സ് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ജെഫ് ബെസോസ്. 2021 ഏപ്രില്‍ 21ലെ കണക്കു പ്രകാരം ജെഫ് ബെസോസിന്റെ മൊത്ത മൂല്യം 195.1 ബില്യന്‍ ഡോളറാണ്.
കമ്പനി തുടങ്ങി മൂന്നാം വര്‍ഷം പബ്ലിക് ഇഷ്യു നടത്തി. അവിടന്നങ്ങോട്ട് ഒരു പടയോട്ടമായിരുന്നു. പുതിയ ബിസിനസ് മേഖലകള്‍ കണ്ടെത്തി. ഏറ്റെടുക്കലുകളിലൂടെയും പാര്‍ട്ണര്‍ഷിപ്പുകളിലൂടെയും ബിസിനസ് വിപുലമാക്കി. 1998 ല്‍ ഇംഗ്ലണ്ട് , ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓണ്‍ലൈന്‍ പുസ്തക കമ്പനികളെ ഏറ്റെടുത്തു കൊണ്ട് അമേരിക്കയ്ക്ക് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിച്ചു. പുസ്തകത്തിനു പുറമെ മ്യൂസിക് വിഡിയോകള്‍ വില്‍പന തുടങ്ങി.
തൊട്ടടുത്ത വര്‍ഷം വിഡിയോ ഗെയിം, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തേക്ക് കടന്നു.പ്രമുഖ ബ്രാന്റ് നൈക്കുമായി പൈലറ്റ് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കി. 2000 ല്‍ അമേരിക്കയിലെ പ്ര മുഖ കളിപ്പാവ റീട്ടെയിലറായ ടോയ് ആര്‍ അസുമായി കരാറുണ്ടാക്കി. 2011 ല്‍ ഉഇ കോമിക്‌സുമായി പങ്കു ചേര്‍ന്ന് സൂപ്പര്‍മാന്‍, ബാറ്റ്മാന്‍, ഗ്രീന്‍ ലാന്റേണ്‍, തുടങ്ങിയ ജനപ്രിയ കോമിക്കുകളുടെ ഡിജിറ്റല്‍ റൈറ്റ് നേടി. തന്റെ ബിസിനസിന് പാകമാകും വിധത്തില്‍ സാങ്കേതിക വിദ്യകളെ വരുതിയിലാക്കി. 2002 ല്‍ വെബ് സര്‍വീസ് തുടങ്ങി. ആ വര്‍ഷം തന്നെ ഇകൊമേഴ്‌സിനു തുടക്കമിട്ടു. 2017ല്‍ ജെ.വി അപ്പാരിയോയുമായി കരാര്‍. 2018ല്‍ ആപ്പിള്‍ കമ്പനിയുമായി കരാര്‍. ജെഫിന്റെ കുശാഗ്രബുദ്ധിയില്‍ ബിസിനസ് തഴച്ചു വളര്‍ന്നു.
ഇതിനിടെ വാള്‍മാര്‍ട്ടിനെ മറികടന്ന് വിപണി മൂലധനത്തില്‍ മുന്നിലെത്തി, അങ്ങനെ ലോകത്തെ ഏറ്റവും മുല്യമുള്ള റീട്ടെയിലറായി. 13.4 മില്യന്‍ ഡോളറിന് ഹോള്‍ ഫുഡ്‌സ് മാര്‍ക്കറ്റ് പിടിച്ചെടുത്തു. ഇതിനിടെ ആമസോണ്‍ പ്രൈമിനു 100 മില്യന്‍ വരിക്കാര്‍ കടന്നു വന്‍ നേട്ടമുണ്ടാക്കി. 2015ല്‍ ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ ബ്ലൂ ഒറിജിന്‍ അയച്ച ബഹിരാകാശ വാഹനം വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തിയത് ജെഫിന്റെ ചരിത്രനേട്ടമായിരുന്നു. 2013 ല്‍ 250 മില്യന്‍ ഡോളര്‍ മുടക്കി വാഷിംഗ്ടണ്‍ പോസ്റ്റ് വാങ്ങിയതോടെ ജെഫ് മാധ്യമ സംരംഭകനുമായി.
ജീവനക്കാരോട് ഒരു ദാക്ഷിണ്യവും കാണിക്കാത്ത തൊഴിലുടമയാണ് ഇദ്ദേഹം. ജീവനക്കാരെ തമ്മില്‍ തല്ലിടീച്ചും ഭിന്നിപ്പിച്ചും അമിത ജോലി ചെയ്യിക്കുന്ന സ്വഭാവം. ഓഫീസ് വിട്ട് പോകുമ്പോള്‍ ബസ് മിസ് ചെയ്യാന്‍ വേണ്ടി മനഃപൂര്‍വം ആ സമയത്ത് അവര്‍ക്ക് വേറെ പണി നല്‍കും. മാനസികമായി പീഡിപ്പിച്ചും അവകാശങ്ങള്‍ നിഷേധിച്ചും ജീവനക്കാരെ ഒരുതരം സമര്‍ദത്തിലാക്കും. ആമസോണ്‍ ജീവനക്കാര്‍ ജോലിക്കിടെ ഒഴിഞ്ഞ വെള്ളക്കുപ്പികളില്‍ മൂത്രമൊഴിക്കുന്ന ഫോട്ടോ ഈയിടെ പുറത്തുവന്നത് വന്‍ വിവാദത്തിനു തിരികൊളുത്തി.
ബിസിനസ് കെട്ടിപ്പടുക്കുന്നതോടൊപ്പം തന്നെ ബിസിനസ് പങ്കാളിയുമായുള്ള വഴക്കും കേസുകളും നിത്യസംഭവമായി. അങ്ങനെ തുടക്കത്തിലുണ്ടായിരുന്ന പല പാര്‍ട്ണര്‍ഷിപ്പുകളും വന്‍ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കേണ്ടി വന്നു. നികുതി വെട്ടിപ്പിന്റെ പേരിലും കേസുകളായി. സിഐഎ യുമായി ക്ലൗഡ് കമ്പ്യൂട്ടിംഗ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാമെന്ന് ഉണ്ടാക്കിയ കരാറും പുലിവാലു പിടിച്ചു. സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുമ്പോള്‍ വര്‍ഗീയത പടര്‍ത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് 2019ല്‍ ആമസോണിനെതിരെ ഉണ്ടായ കോടതി വിധി ശ്രദ്ധേയമായിരുന്നു.