ഹമാസിനെതിരെയാണ് യുദ്ധമെന്ന് ഇസ്രയേല്‍ പറയുന്നു.എന്നാല്‍,സാധാരണ മനുഷ്യരുടെ രക്തം കൊണ്ടു ചുവന്നിരിക്കുന്നു പലസ്തീന്‍.വെടിനിര്‍ത്തല്‍ ചര്‍ച്ചകളെല്ലാം ഏതാണ്ട് നിലച്ച മട്ടാണ്.ഗസയില്‍ ശക്തമായ ആക്രമണം തുടരുമ്പോള്‍, ഇസ്രയേലിനോട് സ്വരം കടുപ്പിച്ചിരിക്കുകയാണ് ഹമാസ്.
ഇസ്രയേലില്‍ നിന്ന് ഹമാസ് പിടികൂടിയ ബന്ദികളുടെ മോചനവും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഇതിനെതിരെ ഗസയില്‍ പ്രതിഷേധവും പുകയുന്നുണ്ട്.ബന്ദി മോചനവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത രൂക്ഷമായതോടെ പ്രതിരോധ മന്ത്രിയെ നെതന്യാഹു പുറത്താക്കി.
ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.ബന്ദികളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്.
അതിനിടയിലാണ് നിലപാട് വ്യക്തമാക്കി ഹമാസ് രംഗത്തുവന്നത്.ആദ്യം യുദ്ധം അവസാനിപ്പിക്കൂ,പിന്നീട് ചര്‍ച്ചയാകാം എന്ന ശക്തമായ നിലപാടാണ് ഹമാസ് സ്വീകരിച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ബന്ദികളെ കൈമാറ്റം ചെയ്യില്ലെന്നാണ് ഹമാസിന്റെ ആക്ടിംഗ് ഗസ്സ മേധാവി ഖലീല്‍ അല്‍ ഹയ്യ പറഞ്ഞത്.ഹയ്യ ഗ്രൂപ്പിന്റെ അല്‍-അഖ്‌സ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖലീല്‍ അല്‍ ഹയ്യ നിലപാട് വ്യക്തമാക്കിയത്.
യുദ്ധം നിര്‍ത്താതെ തടവുകാരെ കൈമാറാന്‍ കഴിയില്ല.ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ എന്തിനാണ് തടവുകാരെ തിരിച്ചയക്കുന്നതെന്നും ഖലീല്‍ അല്‍ ഹയ്യ ചോദിച്ചു.ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ മുന്നോട്ടുപോകുകയാണ്.ഇതോടെ വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും അനിശ്ചിതത്വത്തിലായി. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കിയാലേ യുദ്ധം നിര്‍ത്തൂ എന്നാണ് നെതന്യാഹുവിന്റെ പിടിവാശി.
251 പേരെയാണ് ഇസ്രായേലില്‍ നിന്നും ഹമാസ് ഗസയിലേക്ക് കൊണ്ടുപോയി ബന്ദികളാക്കിയത്.ഇതില്‍ 97 പേര്‍ ഇപ്പോഴും ഗസയില്‍ തുടരുകയാണ്.ബന്ദികളെ മോചിപ്പിക്കാന്‍ സഹായിക്കുന്നവര്‍ക്ക് വന്‍ പാരിതോഷികമാണ് ഇസ്രയേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഓരോ ബന്ദിക്കും 50 ലക്ഷം ഡോളര്‍ വീതം നല്‍കുമെന്നാണ് നെതന്യാഹുവിന്റെ വാഗ്ദാനം.
അതിനിടയില്‍, ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയം യുഎസ് വീറ്റോ ചെയ്തു. ഹമാസിനെ പിന്തുണക്കുന്നതാണ് പ്രമേയമെന്ന് ആരോപിച്ചായിരുന്നു യുഎസിന്റെ നടപടി. വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രായേല്‍ ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ മാത്രമേ അമേരിക്ക പിന്തുണയ്ക്കുകയുള്ളു എന്ന നിലപാടാണ് അമേരിക്കയ്ക്കുള്ളത്.
അതിനിടെ,ഗസ യുദ്ധത്തില്‍ മാര്‍പ്പാപ്പയുടെ പരാമര്‍ശം ചര്‍ച്ചയാകുകയാണ്.ഗസയില്‍ ഇസ്രായേല്‍ വംശഹത്യയാണോ നടത്തുന്നതെന്ന് അന്വേഷിക്കണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെടുന്നത്.ഉടന്‍ പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് മാര്‍പ്പാപ്പയുടെ ഈ പരാമര്‍ശമുള്ളത്.പുസ്തകത്തില്‍ നിന്നുള്ള മാര്‍പാപ്പയുടെ പരാമര്‍ശങ്ങള്‍ ഇറ്റാലിയന്‍ പത്രമായ ലാ സ്റ്റാംപയാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍പാപ്പയുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ഹെര്‍നാന്‍ റെയിസ് അല്‍കൈഡ് ആണ് പുസ്തകം തയാറാക്കിയത്.