/kalakaumudi/media/media_files/2025/08/22/trump-amd-modi-2025-08-22-13-12-20.jpg)
വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ കടുത്ത പ്രകോപനവുമായി വീണ്ടും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. യുക്രെയ്‌നുമേലുള്ള യുദ്ധം തുടരാന്‍ റഷ്യയ്ക്ക് ആവേശം പകരുന്നത് ഇന്ത്യയാണെന്നു പറഞ്ഞ നവാരോ, ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ കടുത്ത തീരുവകള്‍ ഉടന്‍ അമേരിക്ക പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പും നല്‍കി. ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുന്നത് ആലോചനയിലാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞദിവസം റഷ്യയിലെത്തുകയും ഇന്ത്യ-റഷ്യ വ്യാപാര, പ്രതിരോധ സഹകരണം ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നവാരോയുടെ പ്രതികരണം. ഇന്ത്യ വീണ്ടും ചൈനയുമായി അടുക്കുന്നതും ഇന്ത്യ-റഷ്യ-ചൈന ബന്ധം കൂടുതല്‍ ശക്തമാകുന്നതും അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് റഷ്യന്‍ എണ്ണ വേണമെന്നത് അസംബന്ധമാണെന്നും നവാരോ അഭിപ്രായപ്പെട്ടു. എണ്ണക്കച്ചവടത്തിലൂടെ ലാഭം നേടാനുള്ള പദ്ധതിയാണ് ഇന്ത്യയുടേത്. യഥാര്‍ഥത്തില്‍ ഇന്ത്യയ്ക്ക് റഷ്യന്‍ എണ്ണയുടെ ആവശ്യമില്ല. അതേസമയം, ഇന്ത്യ എണ്ണ വന്‍തോതില്‍ വാങ്ങുന്നത് റഷ്യയ്ക്ക് വലിയ നേട്ടവുമാകുന്നുവെന്ന് നവാരോ പറഞ്ഞു.
ഇന്ത്യയെ ഇഷ്ടമാണെന്നും മോദി വലിയ നേതാവാണെന്നും പറഞ്ഞ നവാരോ, രാജ്യാന്തര സമ്പദ്‌രംഗത്ത് ഇന്ത്യയ്ക്ക് പ്രസക്തമായ സ്ഥാനമുണ്ടെങ്കിലും നിലവില്‍ ലോക സമാധാനത്തിന് വിരുദ്ധമായ പ്രവൃത്തിയാണ് ഇന്ത്യ ചെയ്യുന്നതെന്നും ആരോപിച്ചു. ഇന്ത്യ ഈടാക്കുന്നത് വലിയ തീരുവയാണ്, 'മഹാരാജ തീരുവ'! അമേരിക്കയ്ക്ക് ഇന്ത്യയുമായി വലിയ വ്യാപാരക്കമ്മിയാണുള്ളത്. അത് അമേരിക്കയുടെ ബിസിനസുകളെ സാരമായി ബാധിക്കുന്നുമുണ്ട്.
ട്രംപ് പ്രഖ്യാപിച്ച 50% തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തില്‍ വരും. എന്നിട്ടും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ ഇന്ത്യ ചൈനയുടെ ഷി ജിന്‍പിങ്ങുമായി അടുക്കാനാണ് ശ്രമിക്കുന്നതെന്നും നവാരോ പറഞ്ഞു. കഴിഞ്ഞയാഴ്ചയും നവാരോ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. 140 കോടി ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കാനാണ് ഇന്ത്യ കുറഞ്ഞവിലയുള്ള റഷ്യന്‍ എണ്ണ വാങ്ങുന്ന വാദത്തെ എതിര്‍ത്ത നവാരോ അത് സമാന്യയുക്തിയല്ലെന്നും റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണമെന്നും പറഞ്ഞിരുന്നു.