/kalakaumudi/media/media_files/2025/02/22/36KjOwagOgda3moK9QaV.jpg)
ന്യൂഡല്‍ഹി: ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് യുഎസ് നല്‍കിവന്ന 2.1 കോടി ഡോളറില്‍ (ഏകദേശം 181.96 കോടി രൂപ) വിവാദം തുടരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ആരോപണങ്ങളുമായി നേര്‍ക്കുനേര്‍ രംഗത്തെത്തി. ഇന്ത്യയ്ക്ക് യുഎസ് ഫണ്ട് ലഭിച്ചതില്‍ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് (യുഎസ്എഐഡി) ഇന്ത്യ മിഷന്‍ ഡയറക്ടറായിരുന്ന വീണാ റെഡ്ഡിയെയും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റിയെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ മഹേഷ് ജഠ്മലാനി രംഗത്തെത്തിയതോടെയാണു വിവാദം സജീവമായത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഎസ്എഐഡി ഇന്ത്യയില്‍ നടപ്പാക്കിയ 'വോട്ടര്‍ വോട്ടിങ്' പദ്ധതി അന്വേഷിക്കണമെന്നാണ് ജഠ്മലാനിയുടെ ആവശ്യം.
2021 ജൂലൈയില്‍ യുഎസ്എഐഡി ഇന്ത്യ മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ വീണാ റെഡ്ഡി, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം സ്ഥാനം രാജിവച്ച് യുഎസിലേക്കു തിരിച്ചുപോയി. യുഎസ്എഐഡിയുടെ പോളിങ് വര്‍ധിപ്പിക്കാനുള്ള ഫണ്ടും വീണയുടെ രാജിയും സംശയാസ്പദമാണെന്ന് ജഠ്മലാനി ആരോപിച്ചു. യുഎസ്എഐഡി 21 ദശലക്ഷം ഡോളര്‍ 'വോട്ടര്‍ വോട്ടിങ്' പദ്ധതിക്കായി ഇന്ത്യയ്ക്ക് അനുവദിച്ചതായി വെളിപ്പെടുത്തല്‍ വന്നതോടെയാണു വിവാദമായത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ അനധികൃത സ്വാധീനം ചെലുത്തുന്നതിനായി ഈ ഫണ്ട് ഉപയോഗിച്ചോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും ജഠ്മലാനി ആവശ്യപ്പെട്ടിരുന്നു.
നേരത്തേ, വീണാ റെഡ്ഡിയുടെ നേതൃത്വത്തില്‍ യുഎസ്എഐഡി ഇന്ത്യയില്‍ ആരോഗ്യം, കോവിഡ് പ്രതിരോധം, ശുദ്ധമായ ഊര്‍ജം, പരിസ്ഥിതി സംരക്ഷണം, സമഗ്ര സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതിനിടെയാണ് പോളിങ് വര്‍ധിപ്പിക്കാനുള്ള ഫണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്ന ആരോപണം വീണാ റെഡ്ഡിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ ചില പ്രവര്‍ത്തനങ്ങള്‍ക്കു യുഎസ് സര്‍ക്കാരിന്റെ ഫണ്ട് (യുഎസ്എഐഡി) ലഭിച്ചിരുന്നെന്ന വെളിപ്പെടുത്തല്‍ ആശങ്കപ്പെടുത്തുന്നതാണെന്നു വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ വിദേശ ഇടപെടലുണ്ടായിട്ടുണ്ടെന്ന വിവരങ്ങള്‍ ആശങ്കയ്ക്കു കാരണമായിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
