/kalakaumudi/media/media_files/2026/01/15/lonor-2026-01-15-12-34-42.jpg)
മാഡ്രിഡ്: സ്‌പെയിനിന്റെ രാജകീയ സിംഹാസനത്തില്‍ ഒന്നര നൂറ്റാണ്ടിന് ശേഷം ഒരു പെണ്‍കരുത്ത് എത്തുന്നു. സ്‌പെയിനിലെ രാജാവ് ഫെലിപ്പെ ആറാമന്റെയും ലെറ്റീസിയ രാജ്ഞിയുടെയും മൂത്ത മകളായ ലിയോനോര്‍ രാജകുമാരിയാണ് 150 വര്‍ഷത്തിന് ശേഷം രാജ്യത്തെ ആദ്യത്തെ 'ക്വീന്‍ റെഗ്‌നന്റ്' (സ്വന്തം നിലയില്‍ ഭരിക്കാന്‍ അധികാരമുള്ള രാജ്ഞി) ആകാന്‍ ഒരുങ്ങുന്നത്. 1800-കളില്‍ ഭരിച്ചിരുന്ന ഇസബെല്ല രണ്ടാമ രാജ്ഞിക്ക് ശേഷം സ്‌പെയിനിന്റെ ഭരണചക്രം തിരിക്കാന്‍ എത്തുന്ന ആദ്യ വനിതയായിരിക്കും 20 വയസ്സുകാരിയായ ലിയോനോര്‍. ആധുനിക സ്പാനിഷ് രാജകുടുംബത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയാണ് ലിയോനോര്‍ രാജകുമാരി. പിതാവ് ഫെലിപ്പെ ആറാമന് ശേഷം രാജ്യം ഭരിക്കേണ്ട ലിയോനോര്‍, വെറുമൊരു ഭരണാധികാരിയല്ല, മറിച്ച് സ്‌പെയിനിന്റെ സായുധ സേനയെ നയിക്കാന്‍ ശേഷിയുള്ള ഒരു പോരാളികൂടിയായിട്ടാണ് വളരുന്നത്. 1700-കളില്‍ ആരംഭിച്ച ബോര്‍ബണ്‍ രാജവംശത്തിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന നാഴികക്കല്ലാണിത്.
ആരാണ് ലിയോനോര്‍ രാജകുമാരി?
2005 ഒക്ടോബര്‍ 31-ന് മാഡ്രിഡിലാണ് ലിയോനോര്‍ ജനിച്ചത്. മുന്‍ മാധ്യമപ്രവര്‍ത്തകയായ ലെറ്റീസിയയും ഫെലിപ്പെ ആറാമനുമാണ് മാതാപിതാക്കള്‍. ഇന്‍ഫാന്റ സോഫിയ എന്ന ഇളയ സഹോദരിയും ലിയോനോറിനുണ്ട്. വെറും പത്താം വയസ്സില്‍ തന്നെ രാജ്യത്തിന്റെ ഭാവി ഭരണാധികാരി എന്ന നിലയിലുള്ള പരിശീലനങ്ങള്‍ ലിയോനോര്‍ ആരംഭിച്ചിരുന്നു.മാഡ്രിഡിലെ സാന്താ മരിയ ഡി ലോസ് റോസലസ് സ്‌കൂളിലും തുടര്‍ന്ന് യുകെയിലെ വെയ്ല്‍സിലുള്ള യുഡബ്ല്യുസി അറ്റ്ലാന്റിക് കോളേജിലും പഠനം പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര കാര്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും ലിയോനോര്‍ പരിശീലനം നേടിയിട്ടുണ്ട്.
ബഹുഭാഷാ പണ്ഡിത: സ്പാനിഷ്, കറ്റാലന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിവയ്ക്ക് പുറമെ അറബിക്കും മന്ദാരിനും (ചൈനീസ്) ലിയോനോര്‍ അനായാസം സംസാരിക്കും.
ആദ്യ പ്രസംഗം: തന്റെ 13-ാം വയസ്സില്‍ 'പ്രിന്‍സസ് ഓഫ് അസ്റ്റൂറിയസ് അവാര്‍ഡ്' ചടങ്ങില്‍ ലിയോനോര്‍ നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു.
സൈനിക പരിശീലനവും ചരിത്ര നേട്ടവും: ഭാവിയില്‍ സ്‌പെയിനിന്റെ സേനാനായകയാകേണ്ട (Commander-in-Chief) ലിയോനോര്‍ മൂന്ന് സേനകളിലും കര്‍ശനമായ പരിശീലനം പൂര്‍ത്തിയാക്കി വരികയാണ്.
2023 ഓഗസ്റ്റില്‍ സരഗോസയില്‍ കരസേനാ പരിശീലനം തുടങ്ങിയ ലിയോനോര്‍ 2024-ല്‍ ഗലീഷ്യയില്‍ നാവികസേനാ പരിശീലനവും പൂര്‍ത്തിയാക്കി. 'ജുവാന്‍ സെബാസ്റ്റ്യന്‍ ഡി എല്‍ക്കാനോ' എന്ന കപ്പലില്‍ 17,000 മൈല്‍ അറ്റ്ലാന്റിക് യാത്ര നടത്തിയ ലിയോനോര്‍ ഒരു സാധാരണ നാവികനെപ്പോലെയാണ് ജോലി ചെയ്തത്. 2025 ഡിസംബറില്‍ പിളാറ്റസ് പിസി-21 (Pilatus PC-21) വിമാനത്തില്‍ ലിയോനോര്‍ ഒറ്റയ്ക്ക് പറക്കല്‍ നടത്തി. സ്പാനിഷ് രാജകുടുംബത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ അംഗം ഒറ്റയ്ക്ക് വിമാനം പറത്തുന്നത്.
ജനറേഷന്‍ ഇസഡ് (Gen Z) പ്രതിനിധിയായ ലിയോനോര്‍ രാജകുമാരി ആധുനികതയും പാരമ്പര്യവും ഒരുപോലെ ഒത്തുചേര്‍ന്ന വ്യക്തിത്വമായാണ് വിലയിരുത്തപ്പെടുന്നത്. പിതാവിന്റെ പാരമ്പര്യവും മാതാവിന്റെ പ്രായോഗിക ബുദ്ധിയും ചേരുന്ന ലിയോനോര്‍ സ്‌പെയിനിന്റെ ഭാവിയിലെ പ്രതീക്ഷയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
