/kalakaumudi/media/media_files/2025/03/22/dLf3SmeihwZTDTPJ1dAS.jpg)
ജറുസലേം: ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് മേധാവിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ സര്‍വൈലന്‍സ് ആന്റ് ടാര്‍ഗറ്റിങ് യൂണിറ്റിന്റെ കൂടി മേധാവിയായ ഒസാമ താബാഷിനെ വധിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്. എന്നാല്‍ ഈ ഇതിനോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസവും ഗാസയില്‍ കൂടുതല്‍ ആക്രമണം നടത്തിയ ഇസ്രയേല്‍, അവിടുത്തെ ഒരേയൊരു ക്യാന്‍സര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിടം തകര്‍ത്തു. തുര്‍ക്കിഷ് - പലസ്തീനിയന്‍ ഫ്രണ്ട്ഷിപ്പ ആശുപത്രിയാണ് വെള്ളിയാഴ്ച തകര്‍ത്തത്.
നേരത്തെ 17 മാസം നീണ്ട ആക്രമണത്തിനിടെ ഈ ആശുപത്രി ഇസ്രയേലിന്റെ നിയന്ത്രണത്തിലായിരുന്നു. ഈയാഴ്ച ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവഗണിച്ച് വീണ്ടും ആക്രമണം തുടങ്ങിയ ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം ഈ മേഖല തിരിച്ചുപിടിക്കുകയും ആശുപത്രി തകര്‍ക്കുകയുമായിരുന്നു.
ആശുപത്രി തകര്‍ത്ത കാര്യം ഇസ്രയേല്‍ സൈന്യം തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. യുദ്ധസമയത്ത് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഇവിടേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തിലായിരുന്നു ആശുപത്രിയെന്നും അവിടെ ഹമാസ് പ്രവര്‍ത്തകരാണ് അവിടെ ഉണ്ടായിരുന്നതെന്നുമാണ് ഇസ്രയേലിന്റെ വാദം.
അതേസമയം ഇസ്രയേല്‍ സൈന്യം ഈ ആശുപത്രിയെ അവരുടെ താവളമായി ഉപയോഗിക്കുകയായിരുന്നു എന്ന് ആശുപത്രി നിര്‍മാണത്തിനും പ്രവര്‍ത്തനത്തിനും ധനസഹായം നല്‍കിയ തുര്‍ക്കി അറിയിച്ചു. ഇസ്രയേല്‍ നടപടിയെ ശക്തമായി അപലപിച്ച തുര്‍ക്കി, ഗാസയെ മനുഷ്യവാസം സാധ്യമാവാത്ത സ്ഥലമാക്കി മാറ്റാനും ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കാനും ഇസ്രയേല്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ആരോപിച്ചു.
ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷം ഒരു മെഡിക്കല്‍ സംഘം നേരത്തെ ആശുപത്രി സന്ദര്‍ശിച്ചിരുന്നതായി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. സാകി അല്‍ സാഖസൂഖ് പറഞ്ഞു. കാര്യമായ നാശനഷ്ടം ആശുപത്രിക്ക് സംഭവിച്ചതായി മനസിലാക്കി. എന്നാല്‍ ചില സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. നിരവധി രോഗികള്‍ക്ക് പ്രതീക്ഷയായി നിലകൊണ്ടിരുന്ന ആശുപത്രിയെ ബോംബിട്ട് തകര്‍ക്കുന്നതിലൂട എന്ത് നേട്ടമാണ് ലഭിക്കുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.