എന്തുകൊണ്ട് മോദി നൈജീരിയയില്‍ പോയി?

നീണ്ട പതിനേഴ് വര്‍ഷത്തിന് ശേഷം ഒരു ഇ്ന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയില്‍ എത്തിയിരിക്കുകയാണ്.ഒരു ആഫ്രിക്കന്‍ രാജ്യത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഉറ്റുനോക്കുകയാണ് ലോക രാഷ്ട്രങ്ങള്‍.

author-image
Rajesh T L
New Update
modi

നൈജീരിയക്കൊപ്പം ബ്രസീല്‍, ഗയാന തുടങ്ങിയ രാജ്യങ്ങളിലേക്കും കൂടി മോദിയുടെ യാത്രാ ലിസ്റ്റിലുണ്ട്.പശ്ചിമാഫ്രിക്കന്‍ മേഖലയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം കൂടിയാണിത്.നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. രണ്ട് ദിവസം പ്രധാനമന്ത്രി നൈജീരിയയിലുണ്ടാകും. നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച മോദിയുടെ സന്ദര്‍ശനവേളയില്‍ നടക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ബ്രസീലില്‍ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം.റഷ്യ യുക്രെയിന്‍ സംഘര്‍ഷം, പശ്ചിമേഷ്യയിലെ സംഘര്‍ഷം എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചയാകുന്ന ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാടും നിര്‍ണായകമാണ്.

17 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയിലേക്കുള്ള ആദ്യ സന്ദര്‍ശനമെന്ന നിലയില്‍, ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും തമ്മില്‍ കൈകൊടുക്കുമ്പോള്‍ വാണിജ്യ, പ്രതിരോധ മേഖലകള്‍ ഉള്‍പ്പെടെ വന്‍ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.

സന്ദര്‍ശന വേളയില്‍, ഇന്ത്യയും നൈജീരിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം അവലോകനം ചെയ്യാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതല്‍ വഴികള്‍ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. ഇന്ത്യയും നൈജീരിയയും 2007 മുതല്‍ സാമ്പത്തിക, ഊര്‍ജ്ജ, പ്രതിരോധ മേഖലയിസല്‍ തന്ത്രപ്രധാന പങ്കാളികളാണ്.നൈജീരിയയിലെ പ്രധാനപ്പെട്ട മേഖലകളില്‍ 200-ലധികം ഇന്ത്യന്‍ കമ്പനികള്‍ 27 ബില്യണ്‍ യുഎസ് ഡോളറിലധികമാണ് നിക്ഷേപിച്ചിരിക്കുന്നത്.

ഇവിടെ പ്രസക്തമാകുന്നത് ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ബന്ധം മാത്രമല്ല, ഇന്ത്യയും ആഫ്രിക്കന്‍ ഭൂഖണ്ഡവും തമ്മില്‍ ആഴത്തിലുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതിന് അത് അത്യന്താപേക്ഷിതമാണ്.ഈ പങ്കാളിത്തം അര്‍ത്ഥവത്തായ രാഷ്ട്രീയ സംവാദത്തോടൊപ്പം സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. ആഫ്രിക്കയിലെ ഏറ്റവും വലുതും വികസിതവുമായ സമ്പദ്വ്യവസ്ഥകളിലൊന്നായതിനാല്‍ നൈജീരിയയുമായുള്ള വ്യാപാരം ഇന്ത്യയ്ക്കും ഏറെ ഗുണകരമാണ്.

സാമ്പത്തിക ബന്ധങ്ങള്‍ക്ക് പുറമേ,സാമൂഹികവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെ ശക്തമായ ഒരു ആഫ്രിക്കന്‍ രാജ്യത്തിന്റെ പിന്തുണ കൂടി ഇന്ത്യയ്ക്ക് ലഭ്യമാകും.

ആഫ്രിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് നിലവില്‍ ഇന്ത്യ. ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറാണ് ഇരുരാജ്യങ്ങള്‍ക്കിടയിലും നടക്കുന്നത്.ആഫ്രിക്കയില്‍ നിന്ന് ക്രൂഡ് ഓയില്‍, വിലയേറിയ ലോഹങ്ങള്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങളാണ് സാധാരണയായി ഇന്ത്യ ഇറക്കുമതി ചെയ്യാറ്.പകരം ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍,യന്ത്രങ്ങള്‍ തുടങ്ങിയവ ഇന്ത്യ കയറ്റുമതിയും ചെയ്യുന്നുണ്ട്.

മാത്രമല്ല നൈജീരിയ, അംഗോള, മൊസാംബിക് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള എണ്ണയുടെയും വാതകത്തിന്റെയും സുപ്രധാന വിതരണക്കാരാണ്. പുതിയ സാഹചര്യത്തില്‍ ജിയോളജിക്കല്‍ സര്‍വേ, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, കസ്റ്റംസ് എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അഞ്ച് കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവക്കുമെന്നാണ് സൂചന.

2007 ഒക്ടോബറില്‍ ഡോ. മന്‍മോഹന്‍ സിംഗ്, ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശന വേളയില്‍ നയതന്ത്രബന്ധങ്ങള്‍ 'ചരിത്രപരമായ സൗഹൃദം' എന്നതില്‍ നിന്ന് 'തന്ത്രപരമായ പങ്കാളിത്തം' എന്നാണ് വിശേഷിപ്പിച്ചത്.

1960-ല്‍ നൈജീരിയ സ്വതന്ത്രമാകുന്നതിന് രണ്ട് വര്‍ഷം മുമ്പുതന്നെ 1958 നവംബറില്‍ ലാഗോസില്‍ ഇന്ത്യ  നയതന്ത്ര ഓഫീസ് സ്ഥാപിച്ചിരുന്നു. നൈജീരിയയുടെ രൂപീകരണ വര്‍ഷങ്ങളില്‍ 60-കള്‍ മുതല്‍ 80-കള്‍ വരെയുള്ള ദശകങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള അധ്യാപകരും ഡോക്ടര്‍മാരും നിര്‍ണായക പങ്കാണ് വഹിച്ചത്. കടുനയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, പോര്‍ട്ട് ഹാര്‍കോര്‍ട്ടിലെ നേവല്‍ വാര്‍ കോളേജ് എന്നിവയും ഇന്ത്യ സ്ഥാപിച്ചിട്ടുണ്ട്.

പശ്ചിമാഫ്രിക്കയിലെ ഏറ്റവും വലിയ 60,000-ത്തോളം വരുന്ന ഒരു വലിയ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സാന്നിധ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. എല്ലാ പ്രധാന നിര്‍മ്മാണ മേഖലകളിലും ഏകദേശം 27 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച 200-ലധികം ഇന്ത്യന്‍ കമ്പനികളുണ്ട്, ഈ കമ്പനികള്‍ ഇവിടുത്തെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാക്കളാണ്.

nigeria pm narendramodi