റഷ്യ, ഒഡേസ ലക്ഷ്യമിടുന്നതിന്റെ കാരണം? മലയാളിക്ക് വെറുമൊരു പേരല്ല ഇത്!

റഷ്യ തുടര്‍ച്ചയായി ലക്ഷ്യം വയ്ക്കുന്ന നഗരമാണ് ഒഡേസ. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന, ഇപ്പോള്‍ യുക്രൈന്റെ ഭാഗമായ ഒഡേസ വെറുമൊരു നഗരമല്ല

author-image
Rajesh T L
New Update
odesa
Listen to this article
0.75x 1x 1.5x
00:00 / 00:00

കഴിഞ്ഞ ദിവസമാണ് റഷ്യ, യുക്രൈനിലെ ഒഡേസ നഗരത്തില്‍ ആക്രണം നടത്തിയത്. നഗരത്തിലുള്ള സ്വകാര്യ ലോ അക്കാദമി കെട്ടിടത്തിലാണ് റഷ്യ തിങ്കളാഴ്ച മിസൈല്‍ ആക്രമണം നടത്തിയത്. തുറമുഖ നഗരമായ ഒഡേസയിലെ കടലോരത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ചുപേരാണ് മരിച്ചത്. ആക്രമണത്തിനു സാക്ഷിയായ ഒരാള്‍ ഹൃദയാഘാതം മൂലവും മരിച്ചു. 4 വയസ്സുള്ള കുട്ടിയും ഗര്‍ഭിണിയും ഉള്‍പ്പെടെ 32 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

റഷ്യ തുടര്‍ച്ചയായി ലക്ഷ്യം വയ്ക്കുന്ന നഗരമാണ് ഒഡേസ. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന, ഇപ്പോള്‍ യുക്രൈന്റെ ഭാഗമായ ഒഡേസ വെറുമൊരു നഗരമല്ല. മലയാളികള്‍ക്ക് ഒഡേസ എന്ന പേര് ചിരപരിചിതമാണ്. കേരളത്തിലെ സമാന്തര സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മയായിരുന്നു ഒഡേസ. സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിലാണ് ഒഡേസ രൂപം കൊണ്ടത്. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമ നിര്‍മിച്ചത് ഒഡേസയുടെ നേതൃത്വത്തിലാണ്. ജനകീയ സിനിമാപ്രവര്‍ത്തനത്തിന്റെ മാതൃകയായി ഒഡേസ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

ലോകത്തിന്റെ ചുവപ്പന്‍ സ്വപ്‌നമായിരുന്നു സോവിയറ്റ് യൂണിയന്റെ തെക്കന്‍ തലസ്ഥാനവും പ്രവേശനകവാടവുമായിരുന്നു ഒഡേസ. കരിങ്കടലിന്റെ തീരത്തുള്ള ഒഡേസ തുറമുഖം ഇപ്പോള്‍ യുക്രൈന്റെ ഭാഗമാണ്. 

യുക്രൈനിലെ ഏറ്റവും വലിയ ഭക്ഷ്യധാന്യ-ഭക്ഷ്യഎണ്ണ കയറ്റുമതി കേന്ദ്രമാണ് ഒഡേസ തുറമുഖം. കയറ്റുമതികേന്ദ്രമെന്ന നിലയിലും സാംസ്‌കാരിക കേന്ദ്രമെന്ന നിലയിലും ഒഡേസയില്‍ റഷ്യയ്ക്ക് താത്പര്യങ്ങളുണ്ട്. 

ഫെബ്രുവരി 24-ന് യുദ്ധം തുടങ്ങിയശേഷം ഒഡേസയിലേക്കു തിരിച്ച റഷ്യന്‍ യുദ്ധക്കപ്പല്‍ കരിങ്കടലിലെ സ്നേക് ഐലന്‍ഡിലെത്തിയപ്പോള്‍ യുക്രൈന്‍ സൈനികര്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചു. ആയുധം താഴെവെച്ച് കീഴടങ്ങാന്‍ റഷ്യന്‍പട്ടാളം ആവശ്യപ്പെട്ടു. എന്നാല്‍, കീഴടങ്ങാന്‍ ആ പതിമൂന്നു സൈനികരും കൂട്ടാക്കായില്ല. കീഴടങ്ങാതെ എല്ലാ സൈനികരും പോരാടി മരിച്ചു. 

യുദ്ധത്തിന്റെ മൂന്നാം ദിവസം തന്നെ 10 സ്ത്രീകളടക്കം 18 പേരാണ് റഷ്യന്‍ ബോംബിങ്ങില്‍ ഒഡേസയില്‍ മാത്രം കൊല്ലപ്പെട്ടത്. യുദ്ധം തുടങ്ങിയ ദിവസം തന്നെ അടച്ചിട്ടതിനാല്‍ തുറമുഖം ആക്രമിക്കപ്പെട്ടില്ല.

അതിനിടെ, റഷ്യ-യുക്രൈന്‍ യുദ്ധം തീവ്രമാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. കിഴക്കന്‍, തെക്കന്‍ യുക്രൈനിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. കിഴക്കന്‍ യുക്രൈനിലെ കൂടുതല്‍ ഗ്രാമങ്ങള്‍ പിടിച്ചെടുത്ത് റഷ്യ മുന്നേറുകയാണ്. 

ഒഡേസയില്‍ സൈനികരെ മാത്രമല്ല, സിവിലിയന്‍മാര്‍ക്കു നേരെയും ആക്രമണം നടന്നു. അതിനിടെ, 6100 കോടി ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക, യുക്രൈന് നല്‍കും. യൂറോപ്യന്‍ യൂണിയനും യുക്രൈന് ആയുധങ്ങള്‍ നല്‍കും. അതോടെ യുദ്ധം മുറുകുമെന്ന ആശങ്കയാണ് ഉള്ളത്. ആയുധശക്തി ഇരട്ടിയാക്കും എന്ന് കഴിഞ്ഞ ദിവസം റഷ്യയുടെ പ്രതിരോധ മന്ത്രിയും പറഞ്ഞിരുന്നു. russia ukraine america Odesa