ഹോര്‍മുസ് അടച്ച് ഇറാന്‍; ഇറങ്ങുന്ന എല്ലാ കപ്പലും കത്തിക്കും

ഈ ജലപാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും തകര്‍ക്കുമെന്ന് ഐആര്‍ജിസി കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ സീനിയര്‍ അഡൈ്വസറായ ബ്രിഗേഡിയര്‍ ജനറല്‍ സര്‍ദാര്‍ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നല്‍കി

author-image
Biju
New Update
hormuz

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പ്രഖ്യാപിച്ചു. 

ഈ ജലപാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും തകര്‍ക്കുമെന്ന് ഐആര്‍ജിസി കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ സീനിയര്‍ അഡൈ്വസറായ ബ്രിഗേഡിയര്‍ ജനറല്‍ സര്‍ദാര്‍ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നല്‍കി.

ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണിത്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും പ്രധാനമായും ഈ വഴിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ച് ഏഷ്യന്‍ വിപണികളിലേക്ക് എത്തുന്നത്. കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ തീരുമാനം ആഗോള എണ്ണ വിതരണ ശൃംഖലയെ വന്‍തോതില്‍ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. നേരത്തെ ഫെബ്രുവരിയില്‍ ഇറാന്‍ നടത്തിയ സൈനിക അഭ്യാസങ്ങള്‍ക്കിടയില്‍ ഗതാഗതം നിയന്ത്രിച്ചപ്പോള്‍ തന്നെ എണ്ണവിലയില്‍ 6 ശതമാനത്തോളം വര്‍ധനവുണ്ടായിരുന്നു.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ അവകാശവാദം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളി. ജലപാത ഇപ്പോഴും തുറന്നുതന്നെയാണെന്നും കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഹോര്‍മുസ് കടലിടുക്കിന് ബദലായി സൗദി അറേബ്യയും യുഎഇയും പൈപ്പ് ലൈനുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, മേഖലയില്‍ നിന്നുള്ള ഭൂരിഭാഗം എണ്ണക്കയറ്റുമതിക്കും ഈ ജലപാതയല്ലാതെ മറ്റ് സുരക്ഷിത മാര്‍ഗങ്ങളില്ല.