ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി വരുന്നതോടെ എന്തുസംഭവിക്കും. എന്തായാലും കാനഡയും ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഒരു പണി ഉറപ്പാണ്. അത് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. പക്ഷെ ഇവിടെ ഒരു കോട്ടവും സംഭവിക്കാതെ മുന്നോട്ടുപോകുന്ന ഏക രാജ്യമുണ്ടെങ്കില്‍ അത് ഇന്ത്യ മാത്രമായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുത്ത സൗഹൃദം മാത്രമല്ല അതിന് കാരണം.പൊതുവെ കച്ചവടക്കാരനായി അറിയപ്പെടുന്ന ട്രംപ് തന്റെയും രാഷ്ട്രത്തിന്റെയും കൂട്ടാളികളുടെയും വിപണി നിലനിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയറാകുന്നയാളാണ്.ഉറ്റ ചങ്ങാതിയായ ഇലോണ്‍മസ്‌കിന്റെ ടെക് ബുദ്ധിയാകട്ടെ ഇനി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടാന്‍ പോകുന്നത് ഇന്ത്യയിലായിരിക്കും.അതുകൊണ്ടുതന്നെ ഇന്ത്യയ്‌ക്കെതിരെ യാതൊരു നടപടിക്കും ട്രംപ് ഒരുങ്ങില്ലെന്ന് ഉറപ്പാണ്.
അപ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് ആയി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതോടെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് അരങ്ങൊരുങ്ങുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.രേഖകള്‍ ഇല്ലാത്തതിനാല്‍ നാടുകടത്താനായി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 1.5 ദശലക്ഷം പേരാണ്.അവരില്‍,18,000 പേരോളം ഇന്ത്യക്കാരാണ്.അടുത്ത വര്‍ഷം ജനുവരി 26നാണ് ട്രംപ് അധികാരമേല്‍ക്കുന്നത്.
അമേരിക്കന്‍ കണക്കുകള്‍ പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ മെക്‌സിക്കോയ്ക്കും എല്‍ സാല്‍വഡോറിനും പിന്നിലായി ഉള്ളത് ഇന്ത്യയാണ്. ഇന്ത്യയില്‍ നിന്നുള്ളത് ഏകദേശം 7,25,000 അനധികൃത കുടിയേറ്റക്കാരാണ്.കഴിഞ്ഞ ഒക്ടോബര്‍ 22ന് ചാര്‍ട്ടേഡ് വിമാനം ഉപയോഗിച്ചാണ് ഇന്ത്യന്‍ കുടിയേറ്റക്കാരെ യുഎസ് നാടുകടത്തിയത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയായിരുന്നു ഇത്.ഇപ്പോള്‍ യു.എ.സിലുള്ള ഇന്ത്യന്‍ കുടിയേറ്റക്കാര്‍ രേഖകള്‍ ശരിയാക്കാന്‍ പാടുപെടുകയാണ്. വര്‍ഷങ്ങളോളമാണ് ഇവര്‍ ഐ.സി.ഇ ക്ലിയറന്‍സിനായി കാത്തിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ശരാശരി 90,000 ഇന്ത്യക്കാരാണ് അനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് പിടിയിലായതെന്നുള്ളതും കണക്കിലുണ്ട്.പക്ഷെ ഇന്ത്യാക്കാര്‍ ഇത്രയധികം ഉള്ളതുകൊണ്ട് ഇങ്ങനൊരു നടപടിയില്‍ നിന്നും ട്രംപ് ഭരണകൂടം പിന്മാറുമെന്ന ചര്‍ച്ചകളും ഉടലെടുക്കുന്നുണ്ട്.