വിട്ടുവീഴ്ചയ്ക്കില്ല ; ശക്തമായ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹിയില്‍ നടന്ന എം എസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 'കര്‍ഷകരുടെ താല്‍പര്യമാണ് ഞങ്ങളുടെ പ്രധാന മുന്‍ഗണന.

author-image
Sneha SB
New Update
MODI ON TARIF

ഡല്‍ഹി : ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 50% താരിഫിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വരുമെങ്കിലും അതിന് തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന എം എസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 'കര്‍ഷകരുടെ താല്‍പര്യമാണ് ഞങ്ങളുടെ പ്രധാന മുന്‍ഗണന. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി ഞാന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം. പക്ഷേ ഞാന്‍ അതിന് തയ്യാറാണ്. രാജ്യത്തെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും വേണ്ടി ഇന്ത്യയും തയ്യാറാണ്'  പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ, അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയും തീരുവ ഉയര്‍ത്തുന്നത് ആലോചിക്കുന്നുണ്ട്. എന്നാല്‍ ഉടനടിയുള്ള തിരിച്ചടിക്ക് കേന്ദ്ര സര്‍ക്കാര്‍ മുതിരില്ല. സംയമനത്തോടെ ആലോചിച്ച് തീരുമാനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. എന്നാല്‍ അമേരിക്കയുമായുള്ള വ്യപാര കരാറിന്റെ കാര്യത്തില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് ഇളവു നല്‍കുന്നതടക്കം ആലോചിക്കും. ആദ്യം 25 ശതമാനം തീരുവ ഇന്ത്യയ്ക്ക് പ്രഖ്യാപിച്ചപ്പോള്‍ ട്രംപിനെ വിളിച്ച് സംസാരിക്കാന്‍ നരേന്ദ്ര മോദി തയ്യാറായിരുന്നില്ല. പുതിയ സാഹചര്യം പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി ഇന്ന് വിലയിരുത്തും. ഇതിന് ശേഷമാകും ഇന്ത്യയുടെ തുടര്‍നടപടികള്‍ വ്യക്തമാവുക.

 

trump modi