ഹമാസും ഹിസ്ബുള്ളയും കടന്ന് ഇറാനില്‍ ഏത് നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന കടുത്ത ഭീഷണിയാണ് ഇപ്പോള്‍ ഇസ്രേയേലിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ ലബനനില്‍ ഹിസ്ബുള്ളയുടെ രഹസ്യകേന്ദ്രവും ബെയ്‌റൂട്ട് വിമാനത്താവളമടക്കം ആക്രമണം നടത്തി മുന്നേറുന്നതിനിടെ അടുത്ത ലക്ഷ്യം ഇറാനായിരിക്കുമെന്നാണ് സൂചന.
മാത്രല്ല ഇറാനില്‍ ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ പദ്ധതി ചോര്‍ന്നത് വലിയ നാണക്കേടാണ് ഇസ്രായേലിന് ഉണ്ടാക്കിയത്. ഇറാനുമായി നേരിട്ടുള്ള അതിര്‍ത്തി പങ്കിടാത്തതാണ് ഇസ്രയേലിന് പ്രധാന വെല്ലുവിളിയായി നില്‍ക്കുന്നത്. എന്നാല്‍ ഇതും മറികടന്ന് വലിയ ആക്രമണ ശേഷിയുള്ള എഫ് - 35 ഫൈറ്റര്‍ ജെറ്റുകള്‍ ഇറാനെതിരെ ഇസ്രയേൽ പ്രയോഗിക്കാനൊരുങ്ങുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. എന്നാല്‍ വിഷയം ഗൗരവമായി എടുത്ത റഷ്യ എഫ്-35 ഫൈറ്റര്‍ ജെറ്റുകളെയും ഞൊടിയിടയിൽ തിരിച്ചറിയുന്നതിനുള്ള റഡാര്‍ സംവിധാനം ഇറാനില്‍ എത്തിച്ചിരിക്കുകയാണ്. എഫ് -35ന്റെ സാനിദ്ധ്യം കിലോമീറ്ററുകള്‍ അകലെ വച്ച് തിരിച്ചറിഞ്ഞ് പ്രതിരോധ സംവിധാനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കാന്‍ കഴിവുള്ള റഡാറുകളാണ് ഇവ. ഇതുവഴി ഇസ്രയേല്‍ ആക്രമണത്തെ ഇറാന്‍ അതിര്‍ത്തിക്ക് മുമ്പു വച്ചു തന്നെ പ്രതിരോധിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
റഡാറുകളുടെ കണ്ണില്‍ പോലും പെടാതെ ശത്രുരാജ്യത്ത് എത്തി ബോംബുകള്‍ വര്‍ഷിച്ച് മടങ്ങാന്‍ കഴിവുള്ളവയാണ് അമേരിക്കന്‍ നിര്‍മ്മിത എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍.അഞ്ചാം തലമുറ എന്നറിയപ്പെടുന്ന അമേരിക്കയുടെ ഈ വിമാനം മുമ്പ് ഇസ്രയേല്‍ പരീക്ഷിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെ ഇവ സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളില്‍ ഹിസ്ബുള്ള, ഇറാന്‍ സംയുക്ത ആക്രമണവും നടന്നിരുന്നു.
എഫ്-35 യുദ്ധവിമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇസ്രായേലി വ്യോമസേനയുടെ നെവാറ്റിം ബേസില്‍ വലിയ കേടുപാടുകളാണ് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ആക്രമണത്തില്‍ ഉണ്ടായത്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നതാണ് ഇസ്രയേലിന് നാണക്കേടായിരിക്കുന്നത്. എഫ്-35 യുദ്ധ വിമാനങ്ങളുടെ ഏരിയയില്‍ ഒന്നിലധികം സ്ഫോടനങ്ങള്‍ നടന്നതായും 32 ഇംപാക്ട് പോയിന്റുകള്‍ ഉള്ളതായും ഇതു സംബന്ധമായ ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മിസൈലുകള്‍ മൂലമാണോ അതോ പ്രതിരോധ സംവിധാനത്തിന്റെ ഭാഗങ്ങള്‍ കൊണ്ടാണോ കേടുപാടുകള്‍ സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് ഇസ്രായേലി പത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നാശനഷ്ടം സംഭവിച്ചത് ഇറാന്റെ ആക്രമണം കൊണ്ടാണെന്ന് തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇറാന്റെ മിസൈല്‍ പതിച്ച പ്രദേശങ്ങളില്‍ ഭൂമിയിലെ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം റണ്‍വേയിലും ടാക്സിവേയിലും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ ഉപഗ്രഹ ചിത്രങ്ങള്‍ തന്നെയാണ് എഫ്-35 യുദ്ധവിമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇസ്രായേലി വ്യോമ സേനയുടെ നെവാറ്റിം ബേസില്‍ കേടുപാടുകള്‍ സംഭവിച്ച കാര്യവും ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുത്. ഇസ്രയേല്‍ മറച്ചു വെയ്ക്കാന്‍ ശ്രമിച്ച വിവരങ്ങളെല്ലാം വൈകിയാണെങ്കിലും പുറത്തായി തുടങ്ങിയത് ഇസ്രയേല്‍ സൈന്യത്തിനും ഭരണകൂടത്തിനും തികച്ചും അപ്രതീക്ഷിതമാണ്. ടെല്‍ അവീവില്‍ ഉള്‍പ്പെടെ നേരിട്ടുള്ള ആഘാതങ്ങളാണ് ഇസ്രയേല്‍ ആക്രമണം മൂലം ഉണ്ടായതെന്നും ബിസിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. അമേരിക്കയുടെ ആകാശവും നിലവില്‍ അത്ര സുരക്ഷിതമല്ല. എത്ര ടെക്നോളജിയും ആയുധ കരുത്തും സൈനിക ശേഷിയും ഉണ്ടായാലും ശത്രു കടന്നുകയറില്ല എന്ന് അമേരിക്കയ്ക്ക് പോലും ഉറപ്പിച്ചു പറയാന്‍ പറ്റില്ലന്നത് വ്യക്തം.സ്വന്തം ആകാശത്തെ കാക്കാന്‍ പറ്റാത്തവരാണിപ്പോള്‍ താഡ് സംവിധാനവും കൊണ്ട് ഇസ്രയേലിന് കവചമൊരുക്കാന്‍ പോയതെന്നും നാം ഓര്‍ക്കണം. ഇസ്രയേലിന്റെ മാത്രമല്ല അമേരിക്കയുടെയും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത ചരിത്രമാണ് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനുഉള്ളത്.
ഇറാന്‍ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയെ, ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക വധിച്ചപ്പോള്‍, അതിന് പ്രതികാരമായി ഇറാഖിലെ അമേരിക്കന്‍ സൈനിക ക്യാംപിന് നേരെ ഇറാന്‍ നടത്തിയ ആക്രമണം താഡിനെ തകര്‍ത്താണ് ലക്ഷ്യസ്ഥാനത്ത് പതിച്ചത്.ആക്രമണം മുന്നില്‍ കണ്ട് സൈനികരെ അമേരിക്ക അവിടെ നിന്നും മാറ്റി പാർപ്പിച്ചില്ലായിരുന്നെങ്കിൽ വന്‍ ആള്‍നാശം തന്നെ സംഭവിക്കുമായിരുന്നു.
അതിനിടെ ഇറാനെ ആക്രമിക്കാനുള്ള ഉത്തരവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഒപ്പുവച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ ഇപ്പോള്‍ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇത്തരം ആക്രമണങ്ങൾക്കുള്ള സാധ്യതകൾ പരിഗണിക്കരുതെന്നാണ് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് മരിയ ദേവഖിന ഇറാനോട് ആവശ്യപ്പെട്ടത്.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും വന്‍ 'ദുരന്തം' ആയിരിക്കുമെന്നാണ് റഷ്യ വ്യക്തമാക്കിയത്. അത്തരം ആക്രമണങ്ങളുടെ സാധ്യതയെക്കുറിച്ച് സാങ്കല്‍പ്പികമായി പോലും ചിന്തിക്കരുതെന്ന മുന്നറിയിപ്പാണ് റഷ്യ നല്‍കുന്നത്.
നേരത്തെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും സമാനമായ മുന്നറിയിപ്പ് ഇസ്രയേലിന് നല്‍കിയിരുന്നു. ഇറാന്റെ സിവിലിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് 'ഗുരുതരമായ പ്രകോപനം' ആയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തിലെ റഷ്യന്‍ നിലപാട് അറിഞ്ഞതോടെ ഇസ്രയേല്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നുണ്ടെങ്കിൽ ഇറാന്റെ എണ്ണപ്പാടങ്ങളും ആണവകേന്ദ്രങ്ങളും ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി അമേരിക്ക രംഗത്ത് വരികയും ചെയ്തു. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷത്തില്‍ റഷ്യ നേരിട്ട് ഇടപെടുന്ന സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണ് ഇത്തരമൊരു അഭ്യര്‍ത്ഥന അമേരിക്ക മുന്നോട്ട് വയ്ക്കുന്നത്.