/kalakaumudi/media/media_files/2025/09/07/trump-2025-09-07-13-03-08.jpg)
വാഷിംഗ്ടൺ: ഇന്ത്യ യുഎസ് ബന്ധത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിലപാടിൽ ഉറച്ചു നിൽക്കുമോ എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. മോദിയും ട്രംപും ടെലിഫോൺ സംഭാഷണം നടത്തുന്നത് പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സാഹചര്യം മെച്ചപ്പെട്ടാൽ മാത്രം പ്രധാനമന്ത്രി യുഎസിലേക്ക് യാത്ര ചെയ്യും. ഇന്ത്യ ചൈനീസ് പക്ഷത്തേക്ക് ചാഞ്ഞെന്ന പ്രസ്താവന കഴിഞ്ഞ ഇന്നലെ ട്രംപ് തിരുത്തിയിരുന്നു. ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ സവിശേഷ ബന്ധം എന്ന് ട്രംപ് പറഞ്ഞതിനെ നരേന്ദ്ര മോദി സ്വാഗതം ചെയ്തതോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുകാനുള്ള സാധ്യതയും കൂടിയിട്ടുണ്ട്. അമേരിക്കയുമായുള്ള ആശയവിനിമയം നടക്കുന്നു എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും വിശദീകരച്ചു. ട്രംപ് ഇതേ നിലപാട് തുടർന്നാൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നടന്നേക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.‘മോദിയുമായി എനിക്ക് നല്ല ബന്ധമാണ്. മോദി മഹാനായ നേതാവാണ്. മഹാനായ പ്രധാനമന്ത്രിയാണ്. ഇപ്പോൾ അദ്ദേഹം ചെയ്യുന്നതിനോട് യോജിപ്പില്ല. എന്നാൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ സവിശേഷ ബന്ധമുണ്ട്. ഇതൊക്കെ പരിഹരിക്കും.’ ആശങ്ക വേണ്ടെന്നായിരുന്നു എന്നാണ് ഡൊണാൾഡ് ട്രംപിൻറെ വാക്കുകൾ. ‘പ്രസിഡൻറ് ട്രംപുമായി പ്രധാനമന്ത്രിക്ക് നല്ല ബന്ധമാണുള്ളത്. ഇന്ത്യയും അമേരിക്കയും തമ്മിൽ ആശയവിനിമയമുണ്ട്. ഇപ്പോൾ ഇത്രയേ പറയാൻ കഴിയുകയുള്ളു’ എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതികരിച്ചു.ഇന്ത്യയ്ക്ക് ഇരട്ട തീരുവ, യുക്രെയിൻ യുദ്ധം നടത്തുന്നത് മോദിയാണെന്ന വിമർശനം, ഇന്ത്യ ചൈന ബന്ധത്തിൽ പരിഹാസം. എല്ലാത്തിനും ശേഷമാണ് ഡോണൾഡ് ട്രംപ് നിലപാട് മയപ്പെടുത്തിയുള്ള ആദ്യ പ്രസ്താവന നല്കുന്നത്. മോദി മഹാനായ പ്രധാനമന്ത്രിയാണ്. ഇന്ത്യയ്ക്കും യുഎസിനും ഇടയിലെ സവിശേഷ ബന്ധം തുടരും. റഷ്യയിൽ നിന്ന് അവർ ഇപ്പോൾ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ട്രംപിൻറെ ഈ പ്രസ്താവനയെക്കുറിച്ചുള്ള എജൻസി വാർത്ത പങ്കുവച്ചാണ് മോദി ഇക്കാര്യം സ്വാഗതം ചെയ്യുന്നത്.ഇന്ത്യ യുഎസ് ബന്ധത്തെക്കുറിച്ചുള്ള ട്രംപിൻറെ വികാരത്തോട് പൂർണ്ണമായും യോജിക്കുന്നു എന്നും മോദി അറിയിച്ചു. ട്രംപിനെയും യുഎസ് പ്രസിഡൻറിൻറെ അക്കൗണ്ടിനെയും ടാഗ് ചെയ്താണ് മോദി പ്രതികരിച്ചത്. ഏറെ നാളുകൾക്ക് ശേഷമാണ് മോദി ട്രംപിൻറെ ഒരു പ്രസ്താവനയോട് പ്രതികരിക്കുന്നത്. നരേന്ദ്ര മോദിക്കും ട്രംപിനുമിടയിലെ വ്യക്തി ബന്ധം ചൂണ്ടിക്കാട്ടി എസ് ജയശങ്കർ പ്രതികരിച്ചതും ചില നീക്കങ്ങൾ പ്രതീക്ഷിക്കാം എന്ന സന്ദേശം നല്കുന്നു
ഇന്ത്യ ചൈന റഷ്യ സഹകരണത്തിൻറെ കാഴ്ചകൾ അമേരിക്കയെ അലട്ടുന്നുണ്ട് എന്നതിൻറെ സൂചനയും ട്രംപിൻറെ പുതിയ പ്രസ്താവന നല്കുന്നു. ചർച്ചയ്ക്കുള്ള സന്നദ്ധതായി ട്രംപിൻറെ പ്രസ്താവനയെ കാണാം. ചർച്ചകളിലൂടെ വിഷയം പരിഹരിക്കണമെന്നാണ് കേന്ദ്ര സർക്കാരും ആഗ്രഹിക്കുന്നത്. എന്നാൽ ഏകപക്ഷീയ നിലപാട് അംഗീകരിക്കില്ല. ഇന്ത്യയുടെ വികാരം കൂടി പരിഗണിക്കുന്ന ചർച്ചയ്ക്ക് അമേരിക്ക തയ്യാറായാൽ യുഎൻ സമ്മേളനത്തിന് പോകേണ്ടതില്ലെന്ന തീരുമാനവും നരേന്ദ്ര മോദി മാറ്റിയേക്കും.