/kalakaumudi/media/media_files/2025/12/19/willam-2025-12-19-09-46-28.jpg)
ലണ്ടന്‍: വില്യം രാജകുമാരനും കുടുംബവും തങ്ങളുടെ 2025-ലെ ഔദ്യോഗിക ക്രിസ്മസ് കാര്‍ഡ് ഡിസംബര്‍ 18-ന് പുറത്തിറക്കി. നോര്‍ഫോക്കിലെ തങ്ങളുടെ വസതിക്ക് സമീപമുള്ള പുല്‍ത്തകിടിയില്‍ ഡാഫോഡില്‍ പൂക്കള്‍ക്കിടയില്‍ ഇരിക്കുന്ന മനോഹരമായ ഒരു കുടുംബചിത്രമാണ് ഇത്തവണത്തെ കാര്‍ഡിലുള്ളത്.
വില്യം രാജകുമാരന്‍, കെയ്റ്റ് മിഡില്‍ടണ്‍ എന്നിവരോടൊപ്പം മക്കളായ ജോര്‍ജ്ജ് രാജകുമാരന്‍ (12), ഷാര്‍ലറ്റ് രാജകുമാരി (10), ലൂയിസ് രാജകുമാരന്‍ (7) എന്നിവര്‍ ചിത്രത്തിലുണ്ട്. കുടുംബം മുഴുവന്‍ പച്ചയും തവിട്ടും കലര്‍ന്ന എര്‍ത്ത് ടോണ്‍ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.
പ്രശസ്ത ഫോട്ടോഗ്രാഫറായ ജോഷ് ഷിന്നര്‍ ഏപ്രില്‍ മാസത്തിലാണ് ഈ ചിത്രം പകര്‍ത്തിയത്. 'എല്ലാവര്‍ക്കും സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു' എന്ന ലളിതമായ സന്ദേശമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. എന്നാല്‍ ചിത്രം പുറത്തുവന്നതിന് പിന്നാലെ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ ഉടലെടുത്തിരിക്കുകയാണ്.
കാന്‍സര്‍ രോഗബാധിതയായതിനെത്തുടര്‍ന്ന് കെയ്റ്റ് മിഡില്‍ടണ്‍ ഏറെ നാളായി പൊതുരംഗത്ത് സജീവമല്ലായിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പലപ്പോഴും അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കെല്ലാം മറുപടിയായി ചികിത്സയ്ക്ക് ശേഷം കെയ്റ്റ് മിഡില്‍ടണ്‍ പൊതുരംഗത്തേക്ക് സജീവമായി തിരികെ വരുന്നതിന്റെ സൂചനയായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.
രാജകുടുംബം ഇത്തവണ സാന്‍ഡ്രിങ്ഹാമിലെ എസ്റ്റേറ്റിലാകും ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒത്തുചേരുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
