ജെറുസലേം : കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇസ്രയേലിനെതിരെ ഉണ്ടായ ഹമാസിന്റെ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഈ അറസ്റ്റ് വാറണ്ടിനെതിരെ രൂക്ഷമായ പ്രതികരണമാണ് ബെഞ്ചമിൻ നെതന്യാഹു നടത്തിയത്. സാമൂഹ്യ മാധ്യമമായ എക്സിൽ പങ്കുവച്ച വീഡിയോയിൽ തനിക്കെതിരെ ഉണ്ടായ നടപടി 1894 ൽ ഉണ്ടായ ഡ്രെയഫസ് ട്രയലിനോട് ഉപമിച്ച നെതന്യാഹു ഐസിസിയുടെ നടപടികൾ അസംബന്ധവും വ്യാജവുമാണെന്നും പറഞ്ഞു. നീതിയുടെ ഇരുണ്ട ദിനമെന്നാണ് ഇസ്രായേൽ പ്രസിഡന്റ് ഐസെക് ഹെർസോഗ് ഈ നടപടിയെ വിശേഷിപ്പിച്ചത്.
1894 ൽ ജർമ്മനിക് സൈനിക രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ച് ആൽഫ്രഡ് ഡ്രെയഫസ് എന്ന ജൂത ഫ്രഞ്ച് ആർമി ഉദ്യോഗസ്ഥനെ കുറ്റക്കാരനെന്നു കണ്ടെത്തിയ നടപടിയായിരുന്നു ഡ്രെയഫസ് ട്രയൽ. രാജ്യ ദ്രോഹകുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഡ്രെയഫസിനെ ഡെവിൾസ് ഐലന്റിലേക്ക് നാടുകടത്തുകയും ചെയ്തു. ഈ കേസ് യഹൂദ വിരുദ്ധതയുടെ പ്രതീകമായി മാറി.
ഐസിസി ഒരു ഇസ്രായേൽ രാഷ്ട്രത്തലവന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഇതാദ്യമായാണ്. സംഘർഷത്തെക്കുറിച്ച് മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിലാണ് വ്യാഴാഴ്ച്ച് പ്രഖ്യാപിച്ച വാറണ്ടുകൾ. നെതന്യാഹുവിനു പുറമെ മുൻ പ്രതിരോധമന്ത്രി യോവ് ഗാലാന്റിനും ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
നെതന്യാഹുവിനും ഗാലാന്റിനുമെതിരായ നിരവധി പ്രധാന ആരോപണങ്ങൾ ഇവയാണ് പട്ടിണിയുടെ യുദ്ധക്കുറ്റം,മാനവിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, മനഃപൂർവം സാധാരണക്കാരെ ലക്ഷ്യമിടുക. ഗാസയിൽ നടക്കുന്ന ആക്രമണങ്ങൾ ആവശ്യമില്ലാത്തതും ബോധപൂർവ്വമാണെന്നും കോടതി കണ്ടെത്തി. നെതന്യാഹുവിനെ ഉടൻ അറസ്റ്റ് ചെയ്തേക്കില്ലെങ്കിലും ഐസിസി അംഗരാജ്യങ്ങളിലേക്കുള്ള ഇദ്ദേഹത്തിന്റെ യാത്ര നിയമപരമായ വെല്ലുവിളികൾക്കും തടങ്കലിലാക്കപ്പെടലിനും ഇടയാക്കും.