ട്രംപിന്റെ പകരച്ചുങ്കം നാളെ മുതല്‍, ആശങ്കയില്‍ രാഷ്ട്രങ്ങള്‍

ട്രംപിന്റെ നികുതി ചുമത്തലിനെതിരെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തിരിച്ചടി നല്‍കുമെന്ന് പറഞ്ഞിരുന്നു. ചൈനയടക്കമുള്ള രാജ്യങ്ങളും അമേരിക്കന്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

author-image
Biju
Updated On
New Update
Setwte

Donald Trump

വാഷിങ്ടണ്‍: ലോകം കാത്തിരിക്കുന്ന അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്) വൈറ്റ് ഹൗസില്‍ നടക്കും. പുതിയ തീരുവകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്  സ്ഥിരീകരിച്ചു. എല്ലാ രാജ്യങ്ങള്‍ക്കും എതിരെ 20 ശതമാനം തീരുവ എന്ന നിര്‍ദേശമാണ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് സൂചന. അതേസമയം, ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടില്ല.

പ്രഖ്യാപന ചടങ്ങിന് 'മെയ്ക്ക് അമേരിക്ക വെല്‍ത്തി എഗെയ്ന്‍' എന്നായിരിക്കും വിശേഷണം. ആറ് ട്രില്യന്‍ ഡോളറിന്റെ അധിക വരുമാനം അമേരിക്കക്ക് ലഭിക്കുമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇസ്രായേല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള എല്ലാ തീരുവകളും പിന്‍വലിക്കുമെന്ന് അറിയിച്ചു. തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയുമായ അമേരിക്കയെ പിന്തുണക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന്  പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, സാമ്പത്തിക-വ്യവസായ മന്ത്രി എം.കെ. നിര്‍ ബര്‍ക്കത്ത് എന്നിവര്‍  സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, താരിഫുകള്‍ വരുന്നതില്‍ അമേരിക്കയില്‍ മാത്രമല്ല ആഗോളതലത്തില്‍ നിക്ഷേപകരും വ്യവസായികളും ആശങ്കയിലാണ്. ട്രംപ് സാര്‍വത്രികമായി 20% താരിഫ് ഏര്‍പ്പെടുത്തിയാല്‍ 5.5 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും തൊഴിലില്ലായ്മ 7% ആയി ഉയര്‍രുമെന്നും യുഎസ് ജിഡിപി 1.7% കുറയുമെന്നും മൂഡീസ് അനലിറ്റിക്‌സ് ചീഫ് ഇക്കണോമിസ്റ്റ് മാര്‍ക്ക് സാന്‍ഡി മുന്നറിയിപ്പ് നല്‍കി. അങ്ങനെ സംഭവിച്ചാല്‍, ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാന്‍ഡിയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിന്റെ നികുതി ചുമത്തലിനെതിരെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തിരിച്ചടി നല്‍കുമെന്ന് പറഞ്ഞിരുന്നു. ചൈനയടക്കമുള്ള രാജ്യങ്ങളും അമേരിക്കന്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.  താരിഫ് ഒഴിവാക്കാനുള്ള പ്രതീക്ഷയില്‍ യുഎസുമായി ചര്‍ച്ച തുടരുമെന്നാണ് ഇന്ത്യന്‍ സര്‍ക്കാറിന്റെ നയം.

donald trump