പോള്‍ ബിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവന്‍

53.7 ശതമാനം വോട്ടുകള്‍ നേടിയാണ് പോള്‍ ബിയയുടെ എട്ടാം വിജയം. പ്രതിപക്ഷ നേതാവും എതിര്‍ സ്ഥാനാര്‍ത്ഥിയുമായ ഇസ്സ ചിറോമ ബക്കാരിക്ക് 35.2 ശതമാനം വോട്ടുകളാണ് നേടാനായത്.

author-image
Biju
New Update
paul

യുവാന്‍ഡേ: വിവാദം നിറഞ്ഞ തെരഞ്ഞെടുപ്പിനൊടുവില്‍ കാമറൂണില്‍ ഏട്ടാം തവണയും അധികാരം നിലനിര്‍ത്തി പോള്‍ ബിയ. 92കാരനായ പോള്‍ ബിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവനാണ്. 

53.7 ശതമാനം വോട്ടുകള്‍ നേടിയാണ് പോള്‍ ബിയയുടെ എട്ടാം വിജയം. പ്രതിപക്ഷ നേതാവും എതിര്‍ സ്ഥാനാര്‍ത്ഥിയുമായ ഇസ്സ ചിറോമ ബക്കാരിക്ക് 35.2 ശതമാനം വോട്ടുകളാണ് നേടാനായത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഇസ്സ ചിറോമ ബക്കാരി താന്‍ വിജയിച്ചതായി വാദിച്ചിരുന്നു. 

എന്നാല്‍ ഭരണകക്ഷിയായ കാമറൂണ്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഈ വാദം തള്ളുകയായിരുന്നു. വ്യാപകമായ അക്രമങ്ങള്‍ക്ക് ഇടയിലാണ് ഒക്ടോബര്‍ 12ന് കാമറൂണില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഫലം പ്രഖ്യാപനത്തിന് മുന്‍പ് ഇസ്സ ചിറോമ ബക്കാരിയുടെ അനുയായികള്‍ കാമറൂണില്‍ പ്രതിഷേധങ്ങളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

സമാധാന പരവും ഐക്യവുള്ളതും സമൃദ്ധവുമായ കാമറൂണ്‍ കെട്ടിപ്പെടുക്കാന്‍ ഒരുമിച്ച് സാധിക്കുമെന്നും തന്നെ വീണ്ടും വിശ്വസിച്ചതിന് നന്ദിയെന്നുമാണ് പോള്‍ ബിയ വിജയത്തിന് ശേഷം പ്രതികരിച്ചത്. ഇതിനിടെ ഞായറാഴ്ച കാമറൂണിന്റെ സാമ്പത്തിക തലസ്ഥാനമായ ഡുവാലയിലുണ്ടായ പ്രതിഷേധത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. 

ഈ പ്രതിഷേധം തിങ്കളാഴ്ചയും തുടര്‍ന്നിരുന്നു. ഇസ്സ ചിറോമ ബക്കാരിയുടെ വീടിന് സമീപത്ത് പ്രതിഷേധക്കാര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി ബെല്ലോ ബൗബ മൈഗാരി ഉള്‍പ്പെടെ ആകെ 10 സ്ഥാനാര്‍ത്ഥികള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന തെരഞ്ഞെടുപ്പില്‍ 58 ശതമാനം ആയിരുന്നു വോട്ടര്‍മാര്‍. 

തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് സമര്‍പ്പിച്ച പത്തിലേറെ ഹര്‍ജികളാണ് ഭരണഘടനാ കൗണ്‍സില്‍ തള്ളിയത്. അഴിമതി വ്യാപകമാണെന്നും സമ്പദ് വ്യവസ്ഥ തകര്‍ന്ന അവസ്ഥയിലാണെന്നുമാണ് ജനങ്ങള്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

പൊതുവേദികളില്‍ വളരെ അപൂര്‍വ്വമായി എത്താറുള്ള പോള്‍ ബിയ 1982ലാണ് ആദ്യമായി അധികാരത്തിലെത്തിയത്. ആഫ്രിക്കയ്ക്ക് പുറത്ത് ആഡംബര ഹോട്ടലുകളില്‍ സമയം ചെലവിടുന്ന പോള്‍ ബിയയുടെ രീതി ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് മുന്‍പ് പല തവണ പോള്‍ ബിയ മരണപ്പെട്ടതായി അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. 

സ്വിസ് ഹോട്ടലുകളിലെ താമസം വിമര്‍ശിക്കപ്പെട്ടുവെങ്കിലും സ്‌കൂളുകളുടേയും പൊതു സര്‍വകലാശാലകളുടേയും വികസനത്തിനും ബകാസി തര്‍ക്കം കൈകാര്യം ചെയ്തതിനും ഏറെ പ്രശംസയും പോള്‍ ബിയ നേടിയിട്ടുണ്ട്. വിഘടന വാദികള്‍ കലാപം തുടരുകയും 40 ശതമാനം തൊഴില്‍ ഇല്ലായ്മ നേരിടുകയും ആശുപത്രികളും റോഡുകളും തകരുന്ന സാഹചര്യവുമാണ് നിലവില്‍ കാമറൂണിലുള്ളത്. 7 വര്‍ഷമാണ് കാമറൂണിലെ പ്രസിഡന്റിന്റെ കാലാവധി. എന്നാല്‍ 2008-ല്‍ പോള്‍ ബിയ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി ഇല്ലാതാക്കിയിരുന്നു.