ടെല്‍അവീവിൽ ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച് ഹൂതികൾ

ഇസ്രയേലിനെതിരായ പോരാട്ടം തുടര്‍ന്ന് യമനിലെ ഹൂതികള്‍. യമനില്‍ ഹൂതികള്‍ ഇസ്രയേലിലെ ടെല്‍ അവിവിലേക്ക് ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ പായിച്ചു.

author-image
Rajesh T L
New Update
HG

ഇസ്രയേലിനെതിരായ പോരാട്ടം തുടര്‍ന്ന് യമനിലെ ഹൂതികള്‍.യമനില്‍ ഹൂതികള്‍ ഇസ്രയേലിലെ ടെല്‍ അവിവിലേക്ക് ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ പായിച്ചു. വെള്ളിയാഴ്ച രാത്രി തെക്കന്‍ തെല്‍ അവീവിലെ പാര്‍ക്കിലാണ് മിസൈല്‍ പതിച്ചത്.

പലസ്തീന്‍ 2 എന്ന പേരിട്ട മിസൈലാണ് ഹൂതികള്‍ അയച്ചത്. കൃത്യമായ സ്ഥലത്ത് മിസൈല്‍ പതിച്ചെന്നും ഇസ്രായേലിന്റെ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും ഭേദിച്ചെന്നും ഹൂതി വക്താവ് യഹ്‌യ സാരീ പറഞ്ഞു. മിസൈല്‍ പതിച്ച് പാര്‍ക്കില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. മിസൈല്‍ വരുന്നതറിയിച്ച് മധ്യ ഇസ്രായേലില്‍ പുലര്‍ച്ച 3.44ന് സൈറണുകള്‍ മുഴങ്ങിയിരുന്നു.ഇതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേരാണ് ബങ്കറിലേക്ക് മാറിയത്.

ഹൈപ്പര്‍ സോണിക് ബലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. തെല്‍ അവീവ് ആക്രമണത്തില്‍ ഇസ്രയേലിന്റെ ബാലിസ്റ്റിക് മിസൈല്‍ത്താവളമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികള്‍ വ്യക്തമാക്കി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനാ,ഹൈദൈദ തുറമുഖം എന്നിവിടങ്ങളില്‍ രണ്ട് ദിവസം മുന്‍പ് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇനിയും തിരിച്ചടി നല്‍കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. മിസൈല്‍ ആക്രമണം തടയുന്നതില്‍ ഇസ്രായേലിന്റെ എയര്‍ ഡിഫന്‍സ് സിസ്റ്റം പരാജയപ്പെട്ടതായാണ് വിവരം. 

ദിവസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് മധ്യ ഇസ്രായേലില്‍ അര്‍ധരാത്രി ഹൂതികളുടെ മിസൈല്‍ ആക്രമണം മുന്നറിയിപ്പായി സൈറണ്‍ മുഴങ്ങിയത്. മിസൈല്‍ യമനില്‍ നിന്നാണ് വന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. മിസൈല്‍ പതിച്ചതിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം യമനില്‍ കനത്ത ആക്രമണം ഇസ്രായേല്‍ സൈന്യം നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഹൂതികള്‍ മിസൈല്‍ അയച്ചത്.വ്യാഴാഴ്ച ഹൂതികള്‍ അയച്ച മിസൈല്‍ ഭാഗികമായി ഇസ്രയേല്‍ പ്രതിരോധിച്ചിരുന്നു. രാമത് ഗാനിലെ സ്‌കൂളില്‍ മിസൈലിന്റെ ഭാഗം പതിച്ച് കെട്ടിടം തകര്‍ന്നു. എന്നാല്‍, ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ സൈന്യം യമന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

2023 ഒക്ടോബര്‍ ഏഴിന് ശേഷം 200 മിസൈലുകളും 170 ഡ്രോണുകളും ഹൂതികള്‍ ഇസ്രയേലിലേക്ക് വിക്ഷേപിച്ചിട്ടുണ്ട്.ഇതില്‍ ഭൂരിഭാഗവും അമേരിക്കയുടെയും ബ്രിട്ടന്റെയുമെല്ലാം സഹായത്തോടെ ഇസ്രായേല്‍ പ്രതിരോധിച്ചു.കഴിഞ്ഞ ജൂലൈയില്‍ ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് തെല്‍അവീവില്‍ പൊട്ടിത്തെറിക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

സെപ്റ്റംബറിലാണ് ആദ്യമായി ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ ഇസ്രായേലിന് നേരെ ഹൂതികള്‍ അയച്ചത്. ഈ മിസൈല്‍ 11.5 മിനിറ്റില്‍ 2040 കിലോമീറ്റര്‍ താണ്ടിയാണ് ഇസ്രായേലിലെത്തിയത്. തെല്‍ അവീവിന് സമീപത്തെ സൈനിക കേന്ദ്രമായ ജാഫ മേഖലയാണ് ഹൂതികള്‍ ലക്ഷ്യമിട്ടത്.20 ഇന്റര്‍സെപ്റ്ററുകള്‍ ഈ മിസൈല്‍ മറികടന്നിരുന്നു. പലസ്തീന്‍ 2 എന്ന മിസൈലാണ് ആക്രമണത്തിന് അന്നും ഉപയോഗിച്ചത്. 2150 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. ശബ്ദത്തേക്കാള്‍ 16 ഇരട്ടി വേഗതയിലാണ് ഇത് സഞ്ചരിക്കുക. അയേണ്‍ ഡോം പോലുള്ള ലോകത്തിലെ അതിനൂതന പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ഇതിന് സാധിക്കും.

houthi attack houthi missile attack yemen houthi