പകുതി മുറിച്ച സ്‌ട്രോബെറികള്‍; വിമര്‍ശനങ്ങള്‍ക്കൊടുവിൽ കുട്ടികളുടെ ടീ ഷര്‍ട്ട് പിന്‍വലിച്ച് സാറ

കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ പറ്റുന്നതാണോ ഈ വസ്ത്രം എന്ന് പലരും കമന്റുകളിലൂടെ ചോദിച്ചു. ഇതിന് പിന്നാലെയാണ് ക്ഷമ പറഞ്ഞ് സാറ രംഗത്തെത്തിയത്.

author-image
Vishnupriya
New Update
zara
Listen to this article
0.75x 1x 1.5x
00:00 / 00:00

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ലൈംഗികച്ചുവയുള്ള ടീ ഷര്‍ട്ട് വിപണിയില്‍ നിന്ന് പിന്‍വലിച്ച്  പ്രമുഖ സ്പാനിഷ് വസ്ത്ര ശൃംഖലയായ 'സാറ'(zara). കുട്ടികള്‍ക്കുള്ള ഈ ടീ ഷര്‍ട്ട് പുറത്തിറക്കിയതില്‍ ക്ഷമാപണം നടത്തുകയും ചെയ്തു.

വെള്ള നിറത്തിലുള്ള ടീ ഷര്‍ട്ടില്‍ 'ദി പെര്‍ഫെക്റ്റ് സ്‌നാക്', 'ടെയ്ക് എ ബൈറ്റ്' തുടങ്ങിയ വാചകങ്ങള്‍ എഴുതിയിരുന്നു. പകുതി മുറിച്ച നിലയിലുള്ള, അകം ഭാഗവും പുറം ഭാഗവും കാണുന്ന രണ്ട് സ്‌ട്രോബെറി കഷ്ണങ്ങളുടെ ചിത്രങ്ങളും ഈ വാചകങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ ലണ്ടന്‍ സ്വദേശി ലോറ വില്‍സണ്‍ ഈ ടീ ഷര്‍ട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ 'സാറ'യ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കെന്റിലെ ഷോപ്പിങ് സെന്ററില്‍ കുട്ടികളുടെ വിഭാഗത്തിലാണ് ഈ ടീ ഷര്‍ട്ട് ലോറയുടെ ശ്രദ്ധയില്‍പെട്ടത്.

'സ്‌നാക്' എന്ന വാക്ക് ലൈംഗികമായി ആകര്‍ഷകമായ വ്യക്തിയെ സൂചിപ്പിക്കാന്‍ ദ്വയാര്‍ഥം പോലെ ഉപയോഗിക്കാറുണ്ട്. ടീ ഷര്‍ട്ടിലെ വാചകങ്ങള്‍ തന്നെ അസ്വസ്ഥതയാക്കിയെന്നും കുട്ടികളുടെ വസ്ത്രത്തില്‍ ഇത്തരം വാക്കുകള്‍ ഉള്‍പ്പെടുത്തുന്നത് തെറ്റാണെന്നും ലോറ വീഡിയോയില്‍ പറയുന്നു.'കടയിലെത്തി വസ്ത്രങ്ങൾ തിരയുന്നതിനിടയിലാണ് ഈ ടീ ഷര്‍ട്ട് കണ്ടത്. അതിലെ പെര്‍ഫെക്റ്റ് സ്‌നാക്ക് എന്ന പ്രയോഗം എന്നെ അസ്വസ്ഥപ്പെടുത്തി. ടീ ഷര്‍ട്ടിന്റെ പിന്നില്‍ ടെയ്ക്ക് എ ബൈറ്റ് എന്നും എഴുതിയിട്ടുണ്ട്. ഇതെല്ലാം ലൈംഗികച്ചുവയുള്ളതായാണ് എനിക്ക് തോന്നിയത്. ഇത്തരം വസ്ത്രങ്ങള്‍ എന്റെ കുട്ടികള്‍ക്ക് വാങ്ങി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ പങ്കാളിയും ഈ ടീ ഷര്‍ട്ട് പരിശോധിച്ചു. അദ്ദേഹം വാചകങ്ങളിലെ ഈ അസ്വഭാവികത തന്നെയാണ് ചൂണ്ടിക്കാട്ടിയത്.'-ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ലോറ പറയുന്നു.

പിന്നാലെ, ഇതിന് താഴെ സാറയെ പരാമര്‍ശിച്ച് നിരവധി പേര്‍ കമന്റ് ചെയ്തു. കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ പറ്റുന്നതാണോ ഈ വസ്ത്രം എന്ന് പലരും കമന്റുകളിലൂടെ ചോദിച്ചു. ഇതിന് പിന്നാലെയാണ് ക്ഷമ പറഞ്ഞ് സാറ രംഗത്തെത്തിയത്. ടീ ഷര്‍ട്ടിലെ വാചകങ്ങള്‍ക്ക് മറ്റു അര്‍ഥങ്ങളൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സാറ സ്റ്റോറുകളില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും ഈ ടീ ഷര്‍ട്ട് നീക്കം ചെയ്തു.

zara