യുദ്ധം അവസാനിപ്പിക്കാം; ട്രംപ് യുക്രൈനിലെത്തണമെന്ന് സെലന്‍സ്‌കി

യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായി ഏതെങ്കിലും തരത്തിലുള്ള കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് യുക്രൈന്‍ സന്ദര്‍ശിക്കണമെന്നും രാജ്യത്തെ സാധാരണക്കാരേയും ആശുപത്രികളും പള്ളികളും യോദ്ധാക്കളേയും കാണമെന്നുമാണ് സെലന്‍സ്‌കിയുടെ ആവശ്യം

author-image
Biju
New Update
RTS

കീവ്: യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുക്രൈന്‍ സന്ദര്‍ശിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. റഷ്യയുമായി യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്‍പായി, യഥാര്‍ഥ സ്ഥിതിഗതികള്‍ നേരില്‍ കാണുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ സന്ദര്‍ശനം ആവശ്യപ്പെടുന്നത്. 

യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായി ഏതെങ്കിലും തരത്തിലുള്ള കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് യുക്രൈന്‍ സന്ദര്‍ശിക്കണമെന്നും രാജ്യത്തെ സാധാരണക്കാരേയും ആശുപത്രികളും പള്ളികളും യോദ്ധാക്കളേയും കാണമെന്നുമാണ് സെലന്‍സ്‌കിയുടെ ആവശ്യം. ഈ ആവശ്യം അദ്ദേഹം സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ഉന്നയിച്ചത്.

യുദ്ധം ആരംഭിച്ചതിനുശേഷം യു.എസ് നേതാക്കളുമായുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ ഏറ്റവും വലിയ പ്രാധാന്യം വഹിക്കുന്ന സാഹചര്യത്തിലാണ് സെലന്‍സ്‌കിയുടെ ഈ പൊതു ആഹ്വാനം. അഭിമുഖത്തിന് ശേഷം യുക്രൈനിലെ സുമി നഗരത്തില്‍ മിസൈല്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34ആയി ഉയര്‍ന്നു. 110 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണത്തെ തുടര്‍ന്ന് കീവിലെ ഇന്ത്യന്‍ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി 'കുസും' പൂര്‍ണമായും നശിച്ചു. സുമിയിലെ ഈ ഫാക്ടറി യുക്രൈനിലെ ഏറ്റവും വലിയ ഫാര്‍മസികളിലൊന്നായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം മനപ്പൂര്‍വ്വമെന്നുവെച്ച് യുക്രൈന്‍ അധികൃതരും ഇന്ത്യയിലെ ഉക്രൈന്‍ എംബസിയും രംഗത്തെത്തി. 'ഇത് സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള മോസ്‌കോയുടെ നീക്കമാണ്,' യുക്രൈന്‍ എംബസിയുടെ പ്രതികരണം.

ആക്രമണത്തെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ പ്രതികരണം ആവശ്യമുണ്ടെന്നും, സാധാരണജീവിതത്തിനെതിരായ ഈ ആക്രമണം അധാര്‍മികതയുടെ പ്രതീകമാണെന്നും സെലന്‍സ്‌കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആക്രമണത്തിന് പിന്നാലെ നശിച്ച വാഹനങ്ങളും മൃതദേഹങ്ങളും കാണിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു.

 

Volodymyr Zelensky