/kalakaumudi/media/media_files/2025/02/23/mXngmUuDci9AVT6eXm9E.jpg)
കീവ്: യുക്രെയ്‌നെതിരെ ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ട് റഷ്യ. ഖാര്‍കീവ്, പൊള്‍താവ, സുമി, കീവ്, ചെര്‍ണിവ്, ഒഡേസ തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളുള്‍പ്പെടെ 13 സ്ഥലത്താണ് റഷ്യ ഒറ്റദിവസം ഒരേസമയം വ്യാപകമായ ഡ്രോണ്‍ ആക്രമണം നടത്തിയത്.
യുക്രെയ്‌നെതിരേ റഷ്യ ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 267 ഡ്രോണുകളാണ് ഈ പ്രദേശങ്ങളിലേക്ക് പറന്നെത്തിയത്. ഇതില്‍ 138 എണ്ണത്തിനെ വെടിവെച്ചിടാനായി എന്നാണ് യുക്രെയ്ന്‍ വ്യോമസേന പറയുന്നത്. ഇതിനൊപ്പം മൂന്ന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണവും റഷ്യ നടത്തിയെന്നും യുക്രൈന്‍ വ്യോമസേനാ വക്താല് യുറി ഇഗ്‌നാത് പറഞ്ഞു.
യുക്രെയ്‌ന്റെ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ കനത്ത നാശമാണ് റഷ്യന്‍ ആക്രമണത്തിലുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. യുക്രെയ്ന്‍ വ്യോമ പ്രതിരോധത്തെ തകര്‍ക്കാന്‍ മിക്ക ദിവസങ്ങളിലും രാത്രിയില്‍ റഷ്യ ഡ്രോണ്‍ ആക്രമണം നടത്താറുണ്ട്. ഇത് തടയാന്‍ റഷ്യയുടെ വിതരണ ശൃഖല ലക്ഷ്യമാക്കിയാണ് യുക്രെയ്ന്‍ ആക്രമണം നടത്തുന്നത്. പുതിയ ആക്രമണത്തില്‍ എത്രമാത്രം നാശമുണ്ടായെന്ന് വ്യക്തമല്ല.
രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 1150 ഡ്രോണ്‍ ആക്രമണങ്ങളാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായത്. 35 മിസൈല്‍ ആക്രമണങ്ങലും 1400 ഗൈഡഡ് ബോംബുകളും റഷ്യ യുക്രൈനുനേരെ പ്രയോഗിച്ചു. 2022 ഫെബ്രുവരി 24 നാണ് റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തിയത്.