/kalakaumudi/media/media_files/2026/01/01/zohranm-2026-01-01-16-48-57.jpg)
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ മേയറായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മാന്‍ഹട്ടനിലെ ചരിത്രപ്രസിദ്ധമായ പഴയ സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.
തന്റെ പിതാമഹന്റേതടക്കം മൂന്ന് ഖുര്‍ആനുകളില്‍ കൈവെച്ചാണ് മംദാനി സത്യപ്രതിജ്ഞ ചെയ്തത്. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തു. 34-കാരനായ മംദാനി, ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍മാരില്‍ ഒരാളാണ്. ഇന്ത്യന്‍-ഉഗാണ്ടന്‍ പശ്ചാത്തലമുള്ള അദ്ദേഹം, ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യന്‍ വംശജന്‍ കൂടിയാണ്.
നഗരത്തിന്റെ ജീവനാഡിയായ സബ്വേ സംവിധാനത്തോടുള്ള ആദരസൂചകമായാണ് വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന പഴയ സബ്വേ സ്റ്റേഷന്‍ സത്യപ്രതിജ്ഞയ്ക്കായി തിരഞ്ഞെടുത്തത്. 'നഗരത്തെ ചലിപ്പിക്കുന്ന സാധാരണക്കാരായ തൊഴിലാളികളോടുള്ള എന്റെ പ്രതിബദ്ധതയുടെ അടയാളമാണിത്,' സത്യപ്രതിജ്ഞയ്ക്ക് ശേഷം മംദാനി പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം സിറ്റി ഹാളിന് മുന്നില്‍ നടന്ന പൊതുചടങ്ങില്‍ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് വീണ്ടും സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ബ്രോഡ്വേയില്‍ പൊതുജനങ്ങള്‍ക്കായി വലിയ ആഘോഷ പരിപാടികളും സംഗീത വിരുന്നും ഒരുക്കിയിരുന്നു.
അഭയര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും അവകാശങ്ങള്‍ക്കായി പോരാടുമെന്നും നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും മംദാനി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യക്കാരിയായ പ്രമുഖ സിനിമാ സംവിധായിക മീര നായരുടെയും മഹമൂദ് മംദാനിയുടെയും മകനാണ് മംദാനി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
