ഭൂമി തരംമാറ്റാൻ ചോദിച്ചത് 2000 രൂപ; പണം വാങ്ങാനെത്തിയപ്പോൾ വിജിലൻസ് പിടിയിൽ

ഭൂമി തരം മാറ്റി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ  കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ.എറണാകുളം  വൈറ്റില കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റും ആറ്റിങ്ങൽ സ്വദേശിയുമായ ശ്രീരാജിനെയാണ് ഇന്നലെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

author-image
Shyam Kopparambil
New Update
police jeep

കൊച്ചി: ഭൂമി തരം മാറ്റി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ  കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ.എറണാകുളം  വൈറ്റില കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റും ആറ്റിങ്ങൽ സ്വദേശിയുമായ ശ്രീരാജിനെയാണ് ഇന്നലെ വിജിലൻസ് അറസ്റ്റ് ചെയ്തത്. വൈറ്റില സ്വദേശിയിൽ നിന്നും 2000 രൂപയാണ് ശ്രീരാജ് കൈക്കൂലി വാങ്ങിയത്.

പരാതിക്കാരൻ കഴിഞ്ഞ മുപ്പത് വർഷമായി കുടുംബമായി താമസിച്ചുവരുന്ന 7 സെന്‍റ് ഭൂമി തരംമാറ്റുന്നതിന് 2023 ജൂണിൽ ആർ.ഡി.ഒ ക്ക് ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. പരിശോധനക്കായി വൈറ്റില കൃഷി ഓഫീസിലേക്ക് അപേക്ഷ അയച്ചു നൽകി.  അപേക്ഷയിൽ സ്വീകരിച്ച നടപടി അറിയുന്നതിനായി പല തവണ പരാതിക്കാരൻ കൃഷി ഓഫീസിലെത്തി. എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ പരാതിക്കാരനെ മടക്കി അയച്ചിരുന്നു. 

തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് വൈറ്റില കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റായ ശ്രീരാജ്  സ്ഥല പരിശോധന നടത്തിയ ശേഷം പരാതിക്കാരന്റെ ഫോണിൽ വിളിച്ച് രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.  പണവുമായി ദേശാഭിമാനി റോഡിൽ വന്നു കാണാനാണ് ശ്രീരാജ് ആവശ്യപ്പെട്ടത്. പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന്  വിജിലൻസ് സംഘം കെണിയൊരുക്കി കാത്തിരുന്നു.

കല്ലൂർ-കടവന്ത്ര റോഡിലെ ഐ.സി.ഐ.സി.ഐ ബാങ്കിന് എതിർവശം വച്ച്  കൈക്കൂലി വാങ്ങവെ കൃഷി അസിസ്റ്റന്റായ ശ്രീരാജിനെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ   ഉച്ചക്ക് 03:45 മണിയോടെയാണ് കൃഷി അസിസ്റ്റന്‍റ് കൈക്കൂലി പണവുമായി പിടിയിലായത്.  അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.  

kochi ernakulamnews ernakulam Ernakulam News Crime