തിരുവനന്തപുരം: പുതുവര്‍ഷദിനം ചോരക്കളമായി സംസ്ഥാനം. സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി 10 പേര്‍ മരിച്ചു. എറണാകുളം വൈപ്പിനില്‍ ഗോശ്രീപാലത്തിന് സമീപം ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവര്‍ മരിച്ചു. ഇരുവരും കോളേജ് വിദ്യാര്‍ത്ഥികളാണ്. രാവിലെ 12.30ന് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. തളിപ്പറമ്പ് വളക്കൈയില്‍ ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരം വഴയില ആറാംകല്ല് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. അരുവിക്കര - ഇരുമ്പ സ്വദേശി ഷാലു അജയ് (21) ആണ് മരിച്ചത്. രാത്രി പതിനൊന്നര മണിക്കായിരുന്നു അപകടം. ഇന്നലെ പുലര്‍ച്ചയാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്.
തിരുവന്തപുരത്ത് പാറശ്ശാലയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരിക്കേറ്റ നാലുപേരെ പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി കുട്ടിക്കാനത്തിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസല്‍ (27) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിര്‍ത്തി സുഹൃത്തുക്കള്‍ പുറത്തിറങ്ങിയപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന ഫൈസലുമായി കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. 350 അടിയോളം താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് എരുമക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പണാംകോട് കോടോത്ത് സ്വദേശി ബി ഷഫീഖ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷഫീക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആലപ്പുഴ ദേശീയ പാതയില്‍ പട്ടണക്കാട്ട് വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. തണ്ണീര്‍മുക്കം അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന്റെ ഭാര്യ രതി ആണ് മരിച്ചത്.പത്തനംതിട്ട നരിയാപുരത്ത് സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മാവേലിക്കര സ്വദേശി അഖില്‍ കൃഷ്ണന്‍ ആണ് മരിച്ചത്. അഖിലിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇതില്‍ ഐശ്വര്യയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികളുടെ രണ്ടര വയസ്സുള്ള മകള്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വള്ളിക്കോടുള്ള ഐശ്വര്യയുടെ വീട്ടില്‍ പോയി മടങ്ങിവരും വഴിയായിരുന്നു അപകടം.
കോട്ടയം കാണമല അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ രാജു (51) ആണ് മരിച്ചത്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോഴിക്കോട് താമരശ്ശേരിയില്‍ കാര്‍ ലോറിയിലിടിച്ചു അപകടം. കാരാടി വട്ടക്കുണ്ടില്‍ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. വയനാട്ടിലേക്ക് ബിയര്‍ കുപ്പികളുമായി പോയ ലോറിയിലേക്ക് എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തൃശ്ശൂര്‍ മിണാലൂരില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ബസ് പിന്നില്‍ വന്ന് ഇടിക്കുകയായിരുന്നു.