വാമനപുരം നദി കാണാന്‍ കൂട്ടുകാരനൊപ്പം ആറ്റിങ്ങല്‍ ഇടയാവണത്തെത്തിയ പത്തുവയസ്സുകാരന്‍ മുങ്ങിമരിച്ചു. ആറ്റിങ്ങല്‍ ചന്തറോഡിലുള്ള ചന്ദ്രഗീതം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍-അനു ദമ്പതിമാരുടെ മൂത്തമകന്‍ ശിവനന്ദനാണ് (10) മരിച്ചത്. അവനവഞ്ചേരി ഗവ.എച്ച്.എസിലെ അഞ്ചാംക്ലാസ്സ് വിദ്യാര്‍ഥിയാണ്.
ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. കൂട്ടുകാരനായ വിവേകുമൊത്ത് ആറ്റിങ്ങല്‍ ഇടയാവണം ഭാഗത്ത് വാമനപുരം ആറ് കാണാനെത്തിയതായിരുന്നു ശിവനന്ദന്‍. വസ്ത്രങ്ങളഴിച്ചുവച്ച് ആറ്റിലിറങ്ങിയപ്പോള്‍ ചെളിയില്‍ പുതഞ്ഞുപോയി. കയറാന്‍ പറ്റുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വിവേക് രക്ഷിക്കാന്‍ ശ്രമിച്ചു. പറ്റാതെ വന്നതോടെ ഓടിപ്പോയി മുതിര്‍ന്നവരെ വിവരം അറിയിച്ചു. അവരെത്തുമ്പോഴേക്കും ശിവനന്ദന്‍ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ അഗ്‌നിരക്ഷാസേനയെത്തി കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
ആറ്റിങ്ങല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അടുത്തദിവസം തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. ആദിദേവ്, ആദിഷ് എന്നിവര്‍ സഹോദരങ്ങളാണ്.