/kalakaumudi/media/media_files/2026/01/16/kumaranasan-kalakaumudi-2026-01-16-12-15-51.jpg)
1924 ജനുവരി 19 ശനിയാഴ്ച. അന്നത്തെ പത്രങ്ങളില്‍ ഒരു ദുരന്ത വാര്‍ത്തയുണ്ടായിരുന്നു. ആശയഗാംഭീര്യനായ മഹാകവി കുമാരനാശാന്‍ കാലയവനികയില്‍ മറഞ്ഞു. രണ്ടു ദിവസം മുമ്പായിരുന്നു കുമാരനാശാന്റെ ജീവനെടുത്ത ബോട്ടപകടം ഉണ്ടായത്. ജനുവരി 16 ന് പുലര്‍ച്ചെ സംഭവിച്ച അപകടത്തിന്റെ വാര്‍ത്ത മൂന്നു ദിവസത്തിന് ശേഷം ശനിയാഴ്ചയാണ് പത്രങ്ങള്‍ മലയാളികളെ അറിയിച്ചത്. കാരണം ആഴ്ചയില്‍ മൂന്നു ദിവസം മാത്രമായിരുന്നു തിരുവിതാംകൂറില്‍ പത്രങ്ങള്‍ ഇറങ്ങിയിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍. '
അതിഭയങ്കരമായ ഒരു ബോട്ടപകടം' എന്ന തലക്കെട്ടിലാണ് പത്രങ്ങള്‍ മരണ വാര്‍ത്ത നല്‍കിയത്. ഇന്നലെ വൈകുന്നേരം വരെ ആകെ 14 മൃതശരീരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവയിലൊന്ന് ഈഴവ സമുദായ നേതാവും പ്രസിദ്ധ മഹാകവിയും ആയ എന്‍ കുമാരനാശാന്‍ അവര്‍കളുടേതാകുന്നു. ആശാന്‍ അവര്‍കള്‍ക്ക് നേരിട്ട ഈ യാദൃശ്ചിക മരണത്തെപ്പറ്റി കുണ്ഠിതപ്പെടാത്ത ആളുകള്‍ ഒരുത്തരുമില്ല... ഇങ്ങനെയായിരുന്നു മഹാകവിയുടെ മരണവാര്‍ത്ത വന്നത്.
മഹാകവി ഓര്‍മയായിട്ട് 2026 ജനുവരി 16 ന് 102 വര്‍ഷ തികയുന്നു. ഒരുനൂറ്റാണ്ടിനു ശേഷവും മലയാളികളെ കുമാരനാശാന്റെ കവിതകള്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.
പുലര്‍ച്ചെ പല്ലനയാറ്റിലായിരുന്നു ബോട്ടപകടം. കൊല്ലത്ത് ആലപ്പുഴയിലേക്ക് വന്ന റെഡീമര്‍ ബോട്ട് പല്ലനയാറ്റിലെ പുത്തന്‍കരിയിലെ കൊടും വളവില്‍ തലകീഴായി മറിഞ്ഞു. മഹാകവി കുമാരനാശാന്‍ ഉള്‍പ്പെടെ 24 പേരുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്.
അവസാന ബോട്ട് യാത്രയില്‍ സഹയാത്രികര്‍ക്ക് വേണ്ടി ആശാന്‍ പാതി രാത്രി വരെ കവിത ചൊല്ലി. തുടര്‍ന്ന്, ഇനി ഞാന്‍ അല്പമൊന്നുറങ്ങട്ടെ... എന്നു പറഞ്ഞാണ് മഹാകവി ഉറങ്ങാന്‍ കിടന്നത്. ഉറക്കത്തില്‍ അദ്ദേഹം മരണത്തിന്റെ കയങ്ങളിലേക്ക് ആഴ്ന്നുപോയി. രണ്ടു ദിവസം കഴിഞ്ഞാണ് ആശാന്റെ മൃതദേഹം കുറ്റിക്കാടുകളില്‍ നിന്ന് കിട്ടിയത്. പല്ലനയാറ്റിന്റെ കരയില്‍ തന്നെ മഹാകവിക്ക് അന്ത്യവിശ്രമം ഒരുക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
