108 ആംബുലൻസ്: 2 സംസ്ഥാനങ്ങളിൽ നടപടി നേരിട്ട കമ്പനിയെ ടെൻഡറിന് പരിഗണിച്ചു,250 കോടിയിലധികം കമ്മീഷൻ നൽകിയതിൻറെ ഉപകാര സ്മരണയെന്ന് ചെന്നിത്തല.

സർക്കാരിനെതിരെ കൂടുതൽ ആരോപണവുമായി ചെന്നിത്തല രണ്ടു സംസ്ഥാനങ്ങളിൽ നടപടി നേരിട്ട കമ്പനിയെ ടെൻഡറിന് പരിഗണിച്ചു

author-image
Devina
New Update
ramesh chennithala


തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ് 108 ആംബുലൻസ് സർവീസ് നടത്തി വന്ന ജിവികെ ഇഎംആർഐയ്ക്കു സർക്കാർ വക ഉപകാരസ്മരണ. രണ്ടു സംസ്ഥാനങ്ങളിൽ ശിക്ഷാനടപടി നേരിട്ട വിവരം മറച്ചു വെച്ചതിന് സാങ്കേതിക ടെൻഡർ പരിശോധനാ വേളയിൽ പുറത്താകേണ്ട കമ്പനിയെ രേഖകൾ പരിശോധിക്കാതെ പരിഗണിച്ചത് 2019 ൽ ലഭിച്ച 250 കോടിയുടെ കമ്മിഷൻ സ്മരണയെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
കർണാടകയിൽ ആംബുലൻസ് സർവീസ് നടത്തിപ്പിന്റെ ടെൻഡറിന് വ്യാജരേഖകൾ സമർപ്പിച്ചതിന്റെ പേരിൽ ഈ കമ്പനിയെ രണ്ടു വർഷത്തേക്ക് ഡീബാർ ചെയ്ത രേഖകളും മേഘാലയയിൽ ഇവരെ സർവീസിൽ നിന്ന് നീക്കം ചെയ്ത രേഖകളും ചെന്നിത്തല പുറത്തു വിട്ടു.ടെൻഡർ ചട്ടങ്ങൾ പ്രകാരം, ഏതെങ്കിലും സർക്കാർ വിലക്കേർപ്പെടുത്തിയ സ്ഥാപനങ്ങൾക്ക് കരാറിൽ പങ്കെടുക്കാൻ അർഹതയില്ല. (ഇത് സംബന്ധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് Document 3) ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസസ് എന്ന സ്ഥാപനം വിലക്ക് നേരിടുന്നതാണെന്നും ടെൻഡറിൽ പങ്കെടുക്കുന്നതിന് അയോഗ്യരാണെന്നും സുപ്രധാന വിവരങ്ങൾ മറച്ചുവെച്ച് അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമുള്ള പരാതി മെഡിക്കൽ സർവീസസ് കോർപ്പറേഷന് നേരിട്ടു ലഭിച്ചിരുന്നതാണ്. (പരാതി Document 4). വ്യാജരേഖകൾ സമർപ്പിച്ചതിന് കർണാടക സർക്കാർ രണ്ടു വർഷത്തേക്ക് വിലക്കിയ നടപടി മറച്ചുവെച്ചാണ് കമ്പനി ടെൻഡറിൽ പങ്കെടുത്തതെന്ന് പരാതിയിൽ പറയുന്നു. 2023 നവംബർ 21 മുതൽ 2025 നവംബർ 21 വരെയാണ് ഈ വിലക്ക് നിലവിലുള്ളത്.

ഇതിനുപുറമെ, പ്രവർത്തനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മേഘാലയ സർക്കാർ 2022 ഓഗസ്റ്റിൽ കമ്പനിയുടെ 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം ടെർമിനേറ്റ് ചെയ്തിട്ടുണ്ട്. 2010-ൽ രാജസ്ഥാനിൽ സമാനമായ കരാർ റദ്ദാക്കിയ കാര്യവും ഇഎംആർഐ നൽകിയ രേഖകളിൽ മറച്ചുവെച്ചിരിക്കുയാണ്.ടെൻഡറിനൊപ്പം കമ്പനി സമർപ്പിച്ച രേഖകളിൽ, കർണാടകയിലെ പദ്ധതി ഇപ്പോഴും സജീവമാണെന്ന് തെറ്റായി രേഖപ്പെടുത്തുകയും, തങ്ങൾക്കെതിരെ നിയമനടപടികളോ വിലക്കുകളോ ഇല്ലെന്ന് സത്യവാങ്മൂലം നൽകുകയും ചെയ്തിട്ടുണ്ട്. ഇത് ടെൻഡർ നടപടികളിലെ വഞ്ചനാപരമായ പ്രവൃത്തിയാണെന്നും ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും മെഡിക്കൽ സർവീസസ് കോർപറേഷനെ പരാതിക്കാർ ധരിപ്പിച്ചിട്ടും ഒരു നടപടിയും സർക്കാരോ, മെഡിക്കൽ സർവീസസ് കോർപ്പറേഷനോ സ്വീകരിച്ചിട്ടില്ല. അഞ്ചു വർഷം മുമ്പ് 250 കോടി രൂപ അധികം വാങ്ങി കമ്മിഷൻ നൽകിയതിന്റെ ഉപകാരസ്മരണയുടെ ഭാഗമായാണ് കമ്പനിയെ സാങ്കേതിക ടെൻഡർ വിഭാഗത്തിൽ അയോഗ്യരാക്കാതിരുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

ramesh chennithala