/kalakaumudi/media/media_files/2025/07/17/midhun-death-2025-07-17-11-24-31.jpg)
കൊല്ലം: കൊല്ലത്ത് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മയെ വിവരമറിയിച്ചതായും അമ്മ ഉടന്‍ എത്തുമെന്ന് ബന്ധുക്കള്‍ പറയുന്നു.
മിഥുന്റെ അമ്മ സുജയെ വിവരം അറിയിക്കാന്‍ ആദ്യം കഴിഞ്ഞിരുന്നില്ല. കുവൈത്തില്‍, സുജ വീട്ടുജോലിക്ക് നില്‍ക്കുന്ന കുടുംബം തുര്‍ക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ആ കുടുംബത്തിന് ഒപ്പം പോയ സുജയെ പലവട്ടം വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ എടുക്കുന്നില്ലെന്ന്് ബന്ധുക്കള്‍ പറഞ്ഞിരുന്നു. പിന്നീട് സുജയെ ഫോണില്‍ കിട്ടിയെന്നും വിവരം ധരിപ്പിച്ചെന്നും അവര്‍ അറിയിച്ചു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സുജ കുവൈത്തിലേക്കു പോയത്.
രാവിലെ സ്‌കൂളില്‍ കൊണ്ടാക്കിയ മകന് അപകടം പിണഞ്ഞത് മനുവിന് താങ്ങാവുന്നതിനും അപ്പുറമായി. മിഥുന്‍ ഉള്‍പ്പെടെ രണ്ട് മക്കളാണ്. ഇളയ കുട്ടി ആറാം ക്ലാസില്‍ പഠിക്കുകയാണ്. 'ഇവിടെ വന്ന് പെട്ടെന്ന് ആശുപത്രിയിലേക്ക് ചെല്ലാന്‍ പറഞ്ഞു. എനിക്ക് അത്രയേ അറിയത്തുള്ളൂ. കൊല്ലം തേവലക്കര സ്‌കൂളിന്റെ അനാസ്ഥയാണോ എന്താണെന്ന് അറിയില്ല. മറ്റ് കാര്യങ്ങളൊന്നും അറിയില്ല. എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു. അത്രയേ അറിയത്തുള്ളൂ. ഇന്ന് പണി ഇല്ലായിരുന്നു. സ്‌കൂളില്‍ കൊണ്ടാക്കിയിട്ട് വൈകിട്ട് നേരത്തെ വരാം മോനേ എന്ന് പറഞ്ഞ് പോയതാണ്,' മനു പറഞ്ഞു. കൂലിപ്പണിക്കാരനായ മനു ഇന്ന് പണിയില്ലാത്തതിനാല്‍ ആണ് സാധാരണ സ്‌കൂള്‍ ബസില്‍ പോകാറുള്ള മകനെ ബൈക്കില്‍ സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂളില്‍ നിന്ന് മടങ്ങിയ മനുവിനെ പിന്നീട് തേടിയെത്തിയത് മകന്റ മരണ വാര്‍ത്തയായിരുന്നു
സ്‌കൂള്‍ കെട്ടിടത്തോടുചേര്‍ന്ന് അനധികൃതമായി നിര്‍മിച്ച ഷെഡിന് മുകളിലെ വൈദ്യുതി ലൈനില്‍ നിന്നാണ് പതിമൂന്നുകാരന് ഷോക്കേറ്റത്. കളിക്കുന്നതിനിടെ ഷെഡിനുമുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയ മിഥുനാണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രിയും വൈദ്യുതിമന്ത്രിയും നിര്‍ദേശം നല്‍കി. അപകടാവസ്ഥയെപ്പറ്റി പലതവണ കെ.എസ്.ഇ.ബിയെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്നും ആരോപണമുയര്‍ന്നു.