14കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 90 വര്‍ഷം കഠിനതടവ്

2020 സെപ്റ്റംബര്‍ എട്ടു മുതല്‍ നവംബര്‍ ഒന്ന് വരെയാണ് കുട്ടിയെ പ്രതിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ അവധി ദിനങ്ങളില്‍ എത്തിച്ച് പലതവണ പീഡിപ്പിച്ചത്.

author-image
Prana
New Update
rape case.

പഠനവൈകല്യമുള്ള പതിനാലുകാരിയെ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 90 വര്‍ഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
ഓമല്ലൂര്‍ ഊപ്പമണ്‍ പാലക്കല്‍ വീട്ടില്‍ ബാബു ജോര്‍ജ്ജ്(48)നെയാണ് കുറ്റക്കാരനെന്നു കണ്ടെത്തി കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം നാലു വര്‍ഷം അധിക കഠിനതടവ് അനുഭവിക്കണം. പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിഒന്ന് ജഡ്ജി ജയകുമാര്‍ ജോണിന്റെതാണ് വിധി.
പത്തനംതിട്ട വനിതാ പോലീസ് സ്‌റ്റേഷനില്‍ 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്. 2020 സെപ്റ്റംബര്‍ എട്ടു മുതല്‍ നവംബര്‍ ഒന്ന് വരെയാണ് കുട്ടിയെ പ്രതിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ അവധി ദിനങ്ങളില്‍ എത്തിച്ച് പലതവണ പീഡിപ്പിച്ചത്. കൂടാതെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ കിണറ്റില്‍ എറിഞ്ഞുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടിട്ടാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്.
വനിതാ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ ആര്‍ ലീലാമ്മയാണ് കേസെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയ്‌സണ്‍ മാത്യൂസ് കോടതിയില്‍ ഹാജരായി.
എഎസ്‌ഐ ആന്‍സി, സിപിഓ കൃഷ്ണ കുമാരി എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായികളായി. നഷ്ടപരിഹാരത്തുക കുട്ടിക്ക് നല്‍കാനും, കുട്ടിയുടെ പുനരധിവാസം ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു.

 

Rape Case imprisonment pocso act court