/kalakaumudi/media/media_files/lEAUrtep0SGHaZ0HAytf.jpg)
എറണാകുളം തൃപ്പൂണിത്തറയില്‍ പതിനഞ്ചുവയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. മിഹിര്‍ മുഹമ്മദ് പഠിച്ച തിരുവാണിയൂരിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ എത്തിയ ആലുവ വിദ്യാഭ്യാസ ജില്ല ഓഫിസര്‍ വിവരങ്ങള്‍ ശേഖരിച്ചു. അധ്യാപകരില്‍ നിന്നും സ്‌കൂള്‍ അധികൃതരില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. രണ്ട് ദിവസത്തിനകം വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറും. അതേസമയം സ്‌കൂളില്‍വച്ച് മിഹിര്‍ മുഹമ്മദ് റാഗിങ്ങിന് ഇരയായി എന്ന കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം പ്രതിസന്ധിയിലായി. മിഹിറിന്റെ മരണത്തിന് പിന്നാലെ സഹപാഠികള്‍ നിര്‍മ്മിച്ച ചാറ്റുകള്‍ അടങ്ങിയ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് നിലവില്‍ ഡിലീറ്റ് ചെയ്ത അവസ്ഥയിലാണ്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നതും എളുപ്പമല്ലെന്നാണ് പൊലീസിന്റെ നിഗമനം. മിഹിറിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. അമ്മയുടേയും അച്ഛന്റേയും രണ്ടാനച്ഛന്റേയും സ്‌കൂള്‍ അധികൃതരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.സ്ഥാപനത്തിനെതിരെ നടപടിയെടുക്കാന്‍ നിയമഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.