15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ്:ഇറാന്‍ പൗരനെ വെറുതേവിട്ടു

മയക്കുമരുന്ന് പിടികൂടിയ കേസില്‍ ഇറാന്‍ പൗരന്‍ സുബൈര്‍ കുറ്റക്കാരനല്ലെന്നു കോടതി. പാകിസ്താന്‍ പൗരനെന്നു സംശയിച്ചാണ് ഇയാളെ പിടികൂടിയിരുന്നത്.

author-image
Prana
New Update
dc

15,000 കോടി വില വരുന്ന മെത്താംഫെറ്റമിന്‍ എന്ന മയക്കുമരുന്ന് പിടികൂടിയ കേസില്‍ ഇറാന്‍ പൗരന്‍ സുബൈര്‍ കുറ്റക്കാരനല്ലെന്നു കോടതി. പാകിസ്താന്‍ പൗരനെന്നു സംശയിച്ചാണ് ഇയാളെ പിടികൂടിയിരുന്നത്. രാജ്യത്തെ ഞെട്ടിച്ച മയക്കുമരുന്ന് കേസിലെ പ്രതിയെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു.
രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നായിരുന്നു ഇറാന്‍ പൗരനായ സുബൈര്‍ ഉള്‍പ്പെട്ട സംഭവം. ഓപ്പറേഷന്‍ സമുദ്രഗുപ്തയുടെ ഭാഗമായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും നാവികസേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. വലിയ കപ്പലുകളില്‍ കൊണ്ടുവന്ന ശേഷം ചെറിയ ബോട്ടുകളിലേക്ക് മാറ്റി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടുന്നത്.
പിടിയിലായ സുബൈര്‍ പാകിസ്താന്‍ പൗരനാണെന്ന വാദമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്. ഇറാന്‍ പൗരനാണ് താനെന്ന സുബൈറിന്റെ വാദം കോടതി അംഗീകരിച്ചു. കൂടാതെ അന്വേഷണത്തിന്റെ നടപടിക്രമങ്ങളില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചു. മയക്കുമരുന്ന് പിടികൂടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗരേഖകള്‍ അനുസരിക്കുന്നതില്‍ അന്വേഷണസംഘത്തിന് പാളിച്ചകള്‍ സംഭവിച്ചതും പ്രതിയെ വെറുതെവിടുന്നതിലേക്ക് എത്തിച്ചു.
2023 മേയ് 13നാണ് കൊച്ചി പുറംകടലില്‍ 2500 കിലോ മെത്താംഫെറ്റമിന്‍ പിടികൂടിയത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള മെത്താംഫെറ്റമിന്‍ 134 ചാക്കുകളില്‍ 2800 ഡബ്ബകളില്‍ അടുക്കിയ നിലയിലായിരുന്നു. ഇറാനിലെ മക്രാന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട് ഇന്ത്യയിലെ സമുദ്രമേഖല വഴിയുള്ള സഞ്ചാരത്തിനിടെയാണ് പിടിയിലായത്. എന്‍.സി.ബിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നാവികസേന കപ്പല്‍ വളയുകയായിരുന്നു.

 

iran acquitted Drug Case citizen