/kalakaumudi/media/media_files/2025/11/29/motion_photo_7161943888442838788-2025-11-29-16-05-20.jpg)
കൊല്ലം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ വീട്ടുകാർ എതിർത്തതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ തമിഴ്നാട് സ്വദേശിയായ 15 വയസ്സുകാരനെ കൊല്ലത്തുനിന്ന് കണ്ടെത്തി. ജീവകാരുണ്യ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് കാണാതായ കുട്ടിയെ ആറു ദിവസത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
കഴിഞ്ഞ ദിവസം രാത്രി കൊല്ലം ചിന്നക്കടയ്ക്ക് സമീപം അലഞ്ഞുതിരിയുകയായിരുന്ന തൂത്തുക്കുടി സ്വദേശിയായ ജിസ് രാജ എന്ന കുട്ടിയെ ജോബി എന്ന യുവാവാണ് ആദ്യം കാണുന്നത്. പരസ്പര വിരുദ്ധമായി സംസാരിച്ച കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജോബി ഉടൻതന്നെ ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേശൻ, ബാബു, ശ്യാം എന്നിവരെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ ജീവകാരുണ്യ പ്രവർത്തകർ കുട്ടിയുമായി സംസാരിച്ചതിനെത്തുടർന്ന് വീട്ടുകാരുടെ ഫോൺ നമ്പർ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കഴിഞ്ഞ ആറു ദിവസമായി തൂത്തുക്കുടി പോലീസ് വ്യാപകമായി തിരയുകയായിരുന്നു എന്ന വിവരം ലഭിച്ചത്. മകനെ കൊല്ലത്തുനിന്ന് കണ്ടെത്തിയതറിഞ്ഞ വീട്ടുകാർക്ക് വലിയ ആശ്വാസമായി.
വിവരമറിഞ്ഞതോടെ ജീവകാരുണ്യ പ്രവർത്തകർ കൊല്ലം വെസ്റ്റ് പോലീസിന്റെ അറിവോടെ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) മുൻപാകെ ഹാജരാക്കി. വീട്ടുകാർ തൂത്തുക്കുടിയിൽ നിന്ന് എത്തുന്നത് വരെ കുട്ടിയെ CWC സംരക്ഷിച്ചു. പുലർച്ചെ തൂത്തുക്കുടിയിൽ നിന്നുള്ള ബന്ധുക്കളും പോലീസും അടങ്ങുന്ന സംഘം കൊല്ലത്തെത്തി.
തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, കൊല്ലം വെസ്റ്റ് പോലീസിന്റെയും ജീവകാരുണ്യ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ CWC കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി. അമിതമായ മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ നിയന്ത്രിച്ചതിലുള്ള മനോവിഷമമാണ് വീടുവിട്ട് ഇറങ്ങാൻ കാരണമായതെന്ന് ബന്ധുക്കൾ അറിയിച്ചു.
ആറ് ദിവസത്തെ വേർപാടിന് ശേഷം കണ്ടുമുട്ടിയപ്പോൾ കുട്ടിയും ബന്ധുക്കളും വിതുമ്പി. തങ്ങളുടെ മകനെ സുരക്ഷിതമായി തിരികെയേൽപ്പിച്ച ശക്തികുളങ്ങര ഗണേശൻ, ബാബു, ശ്യാം എന്നിവർക്ക് നന്ദി പറഞ്ഞ ശേഷമാണ് കുടുംബം തൂത്തുക്കുടിയിലേക്ക് മടങ്ങിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
