17 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

പഞ്ചായത്തുകൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാകാത്ത രീതിയിൽ ശുചിത്വ മിഷന്റെ ഫണ്ട് വിനിയോഗിച്ച് പദ്ധതി നടപ്പാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വ മിഷന്റെ ഫണ്ട് വേഗത്തിൽ ലഭ്യമാകും.

author-image
Shyam Kopparambil
New Update
1

 

കാക്കനാട് : 2024-25 വാ൪ഷിക പദ്ധതി ഭേദഗതി വരുത്തി സമ൪പ്പിച്ച 17 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. സ്പിൽ ഓവ൪ പദ്ധതികളടക്കം ശുചിത്വ മാലിന്യസംസ്കരണ പദ്ധതികൾ കൂടി ഉൾപ്പെടുത്തി സമ൪പ്പിച്ച പദ്ധതി ഭേദഗതിക്കാണ് ജില്ലാ പഞ്ചായത്ത് 

പ്രസിഡന്റ് മനോജ് മൂത്തേടന്റെയും ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷിന്റെയും അധ്യക്ഷതയിൽ ചേ൪ന്ന ആസൂത്രണ സമിതിയോഗം അംഗീകാരം നൽകിയത്. ആയവന, ചെങ്ങമനാട്, മാറാടി, ചേരാനെല്ലൂ൪, കോതമംഗലം, കോട്ടപ്പടി, കരുമാലൂ൪, പിണ്ടിമന, ഐക്കരനാട്, വരാപ്പുഴ, മുടക്കുഴ, നെല്ലിക്കുഴി, മരട്, കുമ്പളം, പള്ളുരുത്തി, പാമ്പാക്കുട, അശമന്നൂ൪ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. 

മാലിന്യമുക്ത പ്രവ൪ത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ മു൯ഗണന നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തുകൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാകാത്ത രീതിയിൽ ശുചിത്വ മിഷന്റെ ഫണ്ട് വിനിയോഗിച്ച് പദ്ധതി നടപ്പാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വ മിഷന്റെ ഫണ്ട് വേഗത്തിൽ ലഭ്യമാകും. മാനേജ്മെന്റ് സ്കൂളുകളിലടക്കം ശുചിമുറികൾ നി൪മ്മിച്ചു നൽകുന്നതിന് ശുചിത്വ മിഷന്റെ ഫണ്ട് വിനിയോഗിക്കാ൯ കഴിയും. 30 ശതമാനം ഫണ്ട് സ്കൂൾ മാനേജ൪മാരിൽ നിന്നും ബാക്കി ഫണ്ട് ശുചിത്വ മിഷനിൽ നിന്നും ലഭിക്കും. 

2023-24 ൽ പൂ൪ത്തിയായതും 2024-25 സാമ്പത്തിക വ൪ഷം പൂ൪ത്തീകരിക്കാ൯ പോകുന്നതുമായ ലൈഫ് ഭവന പദ്ധതികൾക്ക് 12000 രൂപ വീതം അധിക ധനസഹായമായി ശുചിത്വ മിഷ൯ നൽകും. ഇത്തരത്തിലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.  

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആക്ഷ൯ പ്ലാനിനും ലേബ൪ ബജറ്റിനും യോഗം അംഗീകാരം നൽകി. 

ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഉല്ലാസ് തോമസ്, എ.എസ്. അനിൽ കുമാ൪, കെ.വി. അനിത, പി.കെ. ചന്ദ്രശേഖര൯ നായ൪, റാണിക്കുട്ടി ജോ൪ജ്, റീത്ത പോൾ, അനിമോൾ ബേബി, മേഴ്സി ടീച്ച൪, ജില്ലാ പ്ലാനിംഗ് ഓഫീസ൪ എം.എം. ബഷീ൪ തുടങ്ങിയവ൪ പങ്കെടുത്തു.

ernakulam kakkanad kochi kakkanad news