പാലക്കാട്: നെന്മാറയിൽ 17കാരന് പൊലീസ് മർദ്ദിച്ചതായി പരാതി.നെന്മാറ ആൾവാശേരി സ്വദേശിയ്ക്കാണ് നെന്മാറ എസ്.ഐ രാജേഷിന്റെ മർദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ കുട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിയെ ജീപ്പിനടുത്തേക്ക് വിളിച്ച് വരുത്തി മുടിക്ക് കുത്തിപ്പിടിച്ച് തലക്കും മുഖത്തും മർദ്ദിച്ചുവെന്നാണ് പരാതി.സംഭവത്തിൽ ആലത്തൂ4 ഡിവൈഎസ്‌പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ്പി ഉത്തരവിട്ടു.
ഇന്ന് രാവിലെയാണ് സംഭവം.ലഹരി വിൽപ്പനക്കാരെ അന്വേഷിക്കുന്നതിനിടെ 17കാരനോട് കാര്യം തിരക്കുക മാത്രമാണുണ്ടായതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.എന്നാൽ സമീപത്തെ സിസിടിവി ദൃശ്യത്തിൽ പൊലീസ് അതിക്രമം വ്യക്തമാണ്. കടയിൽ നിന്ന് 17കാരനെ അടുത്തേക്ക് വിളിച്ച ശേഷം മുൻവശത്തെ സീറ്റിലിരുന്ന ഉദ്യോഗസ്ഥൻ കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് തലഭാഗം ജീപ്പിന് അകത്തേക്ക് വലിച്ചുകയറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.