/kalakaumudi/media/media_files/2024/12/09/xbvndKOtmSI4QBVGRsWE.jpg)
കോഴിക്കോട്: പന്തീരങ്കാവ് ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി പുത്തന്‍പുരയില്‍ ഷിഫാസാണ് (19) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ അത്താണിക്ക് സമീപമാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പിതാവ് അബ്ദുല്‍ മജീദ് (44), ആയിഷ (37) മുഹമ്മദ് ആഷിഖ് (21), നിമീര്‍ (19) എന്നിവര്‍ ഗുരുതരമായി പരുക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പന്തീരങ്കാവിന് സമീപം അത്താണി ജങ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്നു രണ്ട് വാഹനങ്ങളും. അത്താണി ജങ്ഷനില്‍നിന്ന്
ലോറി വലതുവശത്തേക്ക് തിരിയുമ്പോള്‍ പിറകില്‍ വന്ന കാര്‍ ലോറിയുമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലേക്ക് കയറിയ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും പന്തീരാങ്കാവ് പൊലിസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
കണ്ണൂര്‍ ഇരിക്കൂറില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍ എന്ന് പൊലിസ് പറഞ്ഞു. അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പന്തീരങ്കാവ് പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ. ഷാജുവിന്റെ നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ എടുത്തുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.