വയനാട് : വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.ഹർഷിദ്,അഭിരാം എന്നിവരെയാണ് മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തത്.ഒളിവിൽ പോയ വിഷ്ണു,നബീൽ എന്നീ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രിയും വയനാട്ടിലുള്ള പ്രതികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആയിരുന്നു ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്.
പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച യുവാവ് മാതനെ വലിച്ചിഴച്ച കാർ കണിയാംപറ്റയിൽ നിന്നും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്.
ചെക്ക്ഡാം സന്ദർശിക്കാനെത്തിയ യുവാക്കൾ മറ്റൊരു കാർ യാത്രക്കാരനുമായി കൂടൽകടവിൽ വെച്ച് വാക്കേറ്റമുണ്ടായി.ഇതിൽ ഇടപെട്ട നാട്ടുകാരനായ അധ്യാപകനെ കല്ലെറിഞ്ഞ് ആക്രമിക്കുമ്പോൾ മാതൻ തടഞ്ഞു.കാറിനുള്ളിൽ വിരൽ കുടുങ്ങിയ മാതനെ യുവാക്കൾ റോഡിലൂടെ 600 മീറ്ററോളം വലിച്ചിഴച്ചു.
പിന്നാലെ വന്ന കാർ യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് മാതനെ റോഡിലേക്ക് തള്ളിയിട്ടു. കൈയിക്കും കാലിനും ശരീരത്തിന് പിൻഭാഗത്തും സാരമായ മുറിവുകളുണ്ടെന്ന് മാതൻ പറഞ്ഞു.