തിരുവനന്തപുരം: കേരള ഹൈക്കോടതിയില്‍ മാത്രം വിധി കാത്തിരിക്കുന്നത് രണ്ടര ലക്ഷത്തോളം കേസുകള്‍. ഇതില്‍ 15 കേസുകള്‍ 30 വര്‍ഷത്തിലേറെയും 1039 കേസുകള്‍ 20 വര്‍ഷത്തിലേറെയും 32,209 കേസുകള്‍ 10 വര്‍ഷത്തിലേറെയും പഴക്കുള്ളവയാണെന്ന് ഹൈക്കോടതി തന്നെ നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നു. 10 വര്‍ഷം വരെ പഴക്കമുള്ള 2,16,086 കേസുകളുണ്ട്.
ജില്ലാ കോടതികളിലും അതിനു താഴെയുള്ള കോടതികളിലും തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ 18.05 ലക്ഷമാണ്. ഇതില്‍ 12.10 ലക്ഷവും ക്രിമിനല്‍ കേസുകളാണ്. രാജ്യത്താകെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ 5.8 കോടിയാണെന്നു 2023ല്‍ സുപ്രീം കോടതി തന്നെ വെളിപ്പെടുത്തിയിരുന്നു.
ഈ തിരക്കിനിടെ, കോടതികളില്‍ ഓരോ ദിവസവും നൂറുകണക്കിനു കേസുകള്‍ പുതുതായി എത്തുകയും ചെയ്യുന്നു. ഹൈക്കോടതിയില്‍ 2024ല്‍ മാത്രം 1,00,377 പുതിയ കേസുകളെത്തി. 2025ല്‍ ജൂണ്‍ 30 വരെ മാത്രം എത്തിയതാകട്ടെ 53,982 കേസുകള്‍.
കുറ്റം ആവര്‍ത്തിക്കുന്നുലഹരിമരുന്നുകേസുകളിലും ഗുണ്ടാ ആക്രമണക്കേസുകളിലും ഉള്‍പ്പെടുന്നവരില്‍ 90 ശതമാനവും ജാമ്യത്തിലിറങ്ങി വീണ്ടും ഇതേ കുറ്റകൃത്യം ചെയ്യുന്നവരാണെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.
വിചാരണ വൈകുന്നതിനിടെ കൊലക്കേസ് പ്രതികളും പോക്‌സോ കേസ് പ്രതികളും വരെ ജാമ്യത്തിലിറങ്ങി കുറ്റം ആവര്‍ത്തിക്കുന്നതായാണു രേഖകളിലുള്ളത്.
ക്രിമിനല്‍ കുറ്റവാസനയുള്ള, 2528 വയസ്സുള്ള ഗുണ്ടാക്കേസ് പ്രതി അടുത്ത 10 വര്‍ഷം കൂടി ഇതേ കുറ്റകൃത്യങ്ങളില്‍ സജീവമാകുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. 6 മാസം കൊണ്ടു വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചാല്‍ ഈ കുറ്റകൃത്യങ്ങള്‍ തടയാനാകുമെന്നാണു വിലയിരുത്തല്‍.