/kalakaumudi/media/media_files/2025/03/26/7pZSRIg8pe27loDQcQ2z.jpg)
കൊച്ചി: എറണാകുളം ടൗണിൽ എം.ഡി.എം.എ എത്തിച്ച് മൊത്ത വിതരണം നടത്തി വന്ന സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് പേർക്ക് എറണാകുളം അഡിഷണൽ ജില്ല സെഷൻ കോടതി പത്ത് വർഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും ശിഷ വിധിച്ചു. കോട്ടയം ചിങ്ങവനം മുട്ടത്താട്ട്ചിറ വീട്ടിൽ സൂസിമോൾ എം സണ്ണി (തുമ്പിപ്പെണ്ണ്) (26) ആലുവ ചെങ്ങമനാട് കല്ലൂക്കാടൻ പറമ്പിൽ വീട്ടിൽ അമീർ സൊഹൈൽ (പൂത്തിരി) (25 ) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ മൂന്നും നാലും പ്രതികളായ വൈപ്പിൻ സ്വദേശി കുറുമ്പനാട്ട് പറമ്പിൽ അജ്മൽ കെ. എ , (24 ) അങ്കമാലി പുളിയിനം സ്വദേശി എൽറോയ് വർഗ്ഗീസ് (22) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 2023 -ൽ ഒക്ടോബർ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി സമയം ആഡംബര ബൈക്കുകളിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് മയ്ക്ക് മരുന്ന് കറുത്ത പോളിത്തിൽ കവറുകളിൽ കെട്ടി മാലിന്യ കൂമ്പാരങ്ങളിൽ ഡ്രോപ്പ് ചെയ്ത് ശരവേഗത്തിൽ പാഞ്ഞ് പോകുന്നതായിരുന്നു തുമ്പിപ്പെണ്ണിൻ്റെ സംഘത്തിൻ്റെ രീതി. നഗരത്തിലെ മയക്ക് മരുന്ന് വിതരണത്തിന് ചുക്കാൻ പിടിച്ചിരുന്ന തുമ്പിപ്പെണ്ണായിരുന്നു മയക്ക് മരുന്ന് വിതരണത്തിന് സംഘാംഗങ്ങളെ ചുമതലപ്പെടുത്തിയിരുന്നത്. തലയിൽ ഷാൾ ധരിച്ച് ആർക്കും മുഖം കൊടുക്കാതെ രാത്രി സമയം ഇരുചക്ര വാഹനങ്ങളിൽ പുറത്തിറക്കുന്ന തുമ്പിപ്പെണ്ണ് ആവശ്യക്കാരുടെ പക്കൽ നിന്ന് നേരിട്ട് പണം വാങ്ങിയതിന് ശേഷം ഇവരുടെ സംഘത്തിലെ മയക്ക് മരുന്ന് വിതരണക്കാർ മുഖേന ആവശ്യക്കാർക്ക് സാധനം എത്തിച്ച് നൽകുയാണ് ചെയ്തിരുന്നത്. തുമ്പിപ്പെണ്ണ് മയക്ക് മരുന്ന് നേരിട്ട് നൽകാത്തതിനാൽ പിടിക്കപ്പെടുന്നത് എപ്പോഴും വിതരണക്കാർ ആയിരിക്കും. സംഭവ ദിവസം രാത്രി മഴ പെയ്തതിനാൽ ഇരുചക്ര വാഹനത്തിന് പകരം ഇവരുടെ തന്നെ വിതരണ സംഘത്തിലെ ആഡംബര കാറിൽ മയക്ക് മരുന്ന് കൈമാറാൻ കലൂർ സ്റ്റേഡിയത്തിന് സമീപം എത്തിയതോടെയാണ് തുമ്പിപ്പണ്ണ് കുട്ടാളികൾക്കൊപ്പം എക്സൈസിന്റെ പിടിയിൽ ആകുന്നത്. പിടിയിലാകുമ്പോൾ കാറിൽ പല ബാഗുകളിലായാണ് എം.ഡി.എം.എ. സൂക്ഷിച്ചിരുന്നത്. അമീറിന്റെ വസ്ത്രത്തിന്റെ പോക്കറ്റുകളിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. ഇവരുടെ പക്കൽ 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 350 ഗ്രാം രാസലഹരി ഉണ്ടായിരുന്നു. പിടികൂടുന്ന സമയത്ത് മയക്ക്മരുന്ന് സംഘത്തിലുള്ളവർ സ്പ്രിംഗ് ബാറ്റൺ ഉപയോഗിച്ച് ഉദ്ദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചത് അന്ന് വലിയ വാർത്തയായിരുന്നു. സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി ടോമി, ഐ.ബി. പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അന്ന് കാറടക്കം കസ്റ്റഡിയിൽ എടുത്തത്. എറണാകുളം അസ്സി. എക്സൈസ് കമ്മീഷണർ ടി.എൻ. സുധീറിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് ഹാജരായി.