തിരുവനന്തപുരം ദേശീയപാത 66 നെ തമിഴ്നാട്ടിലെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന കൊല്ലം- ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയപാത (എന്‍എച്ച് 744) വനഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗത്ത് 4 തുരങ്കങ്ങള്‍ പുതിയതായി നിര്‍മിക്കും. ഇതിനുവേണ്ടി പഠനം തുടങ്ങി. കേരളത്തില്‍ പാത കടന്നു പോകുന്ന 59.712 കിലോമീറ്ററില്‍ പകുതിയോളം വനഭൂമിയാണ്. വനത്തിലെ 40 കിലോമീറ്റര്‍ വേഗ പരിധി ഒഴിവാക്കാനും ദൂരം കുറയ്ക്കാനുമാണ് ആകെ ഏകദേശം 9 കിലോമീറ്ററില്‍ 4 ടണലുകള്‍ നിര്‍മിക്കുന്നത്.
തിരുവനന്തപുരം - കൊല്ലം ജില്ലകളുടെ അതിര്‍ത്തിയില്‍ കടമ്പാട്ടുകോണത്ത് ദേശീയപാത 66 ല്‍നിന്ന് ആരംഭിച്ച് കൊല്ലം ആര്യങ്കാവിലാണു കേരളത്തില്‍ പാത അവസാനിക്കുന്നത്. ആര്യങ്കാവ്- ഇടമണ്‍ ഒന്നാം പാക്കേജില്‍ ഏകദേശം 60 ഹെക്ടറും ഇടമണ്‍- കടമ്പാട്ടുകോണം രണ്ടാം പാക്കേജില്‍ ഏകദേശം 16 ഹെക്ടറും വനഭൂമി ഏറ്റെടുക്കാന്‍ വനം, പരിസ്ഥിതി അനുമതികള്‍ വേണം. വനഭൂമി ഏറ്റെടുക്കുന്നതു പരമാവധി ഒഴിവാക്കി നിര്‍മിക്കുന്ന തുരങ്കപാതയുടെ സര്‍വേ പൂര്‍ത്തിയായശേഷമേ അന്തിമ അലൈന്‍മെന്റ് തയാറാകൂ.തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, കോട്ടവാസല്‍ എന്നിവിടങ്ങളിലാണ് തുരങ്കപാത നിര്‍മിക്കുന്നത്. 30 മീറ്റര്‍ വീതിയില്‍ 4 വരി പാതയാണ് തുരങ്കത്തിലുണ്ടാകുക. തെന്മലയ്ക്കും ആര്യങ്കാവിനും ഇടയില്‍ 3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 2 തുരങ്കങ്ങളുണ്ടാവും. മറ്റിടങ്ങളില്‍ 1.5 കിലോ - മീറ്റര്‍ വീതമാണ് തുരങ്കത്തിന്റെ നീളം.