നാലു വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ; മേയ് 20നു മുൻപ് അപേക്ഷ ക്ഷണിക്കും

സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് അക്കാദമിക് - കരിയർ   ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു.

author-image
Vishnupriya
Updated On
New Update
r bindu

ആർ ബിന്ദു

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഈ അക്കാദമിക് വർഷം മുതൽ നാലു വർഷ ബിരുദ കോഴ്സുകൾ  നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ജൂലൈ ഒന്ന് മുതലാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ ആരംഭിക്കുന്നത്. ഇതിനായി മേയ് 20നു മുൻപ് അപേക്ഷ ക്ഷണിക്കും. ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് അക്കാദമിക് - കരിയർ   ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഉദാഹരണമായി, നിലവിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ, പുതിയ സംവിധാനത്തിൽ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും ഇലക്ട്രോണിക്‌സും ചേർന്നോ, അല്ലെങ്കിൽ സാഹിത്യവും സംഗീതവും ചേർന്നോ, അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നൽകും. 

വിദ്യാർഥിയുടെ താൽപര്യങ്ങൾക്കനുസരിച്ച് പഠനം രൂപകൽപന ചെയ്യാൻ പുതിയ സംവിധാനത്തിന്റെ ഭാഗമായി കലാലയങ്ങളിൽ അക്കാദമിക് കൗൺസിലർമാരുണ്ടാവും. മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലു വർഷം കഴിയുമ്പോൾ ഓണേഴ്‌സ് ബിരുദവും ലഭിക്കും. മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാനുള്ള അവസരം ഉണ്ടാകും (എൻ മൈനസ് വൺ സംവിധാനം). പഠനത്തിനിടക്ക് താൽപര്യമുള്ള വിദ്യാർഥികൾക്ക് അന്തർസർവകലാശാലാ മാറ്റത്തിനുള്ള അവസരവുമൊരുക്കും. 

റെഗുലർ കോളജ് പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് ഓൺലൈൻ ആയി കോഴ്സുകൾ ചെയ്യാനും അതിലൂടെ ആർജ്ജിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും. ഓരോ കലാലയത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ചു രീതികൾ തിരഞ്ഞെടുക്കാനും വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ടാകും.

degree course