കേരളത്തിലെ 5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: എന്‍.ക്യു.എ.എസ് ലിസ്റ്റിൽ ആകെ 216 സ്ഥാപനങ്ങള്‍

ആരോഗ്യ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായി നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് കേന്ദ്രം ഉയര്‍ത്തുന്നത്.

author-image
Rajesh T L
Updated On
New Update
rmuihas

തിരുവനന്തപുരം : സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4 ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 216 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.

ആരോഗ്യ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായി നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് കേന്ദ്രം ഉയര്‍ത്തുന്നത്. കൂടുതല്‍ ആശുപത്രികളെ എന്‍.ക്യു.എ.എസ്. നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രം 93.02 ശതമാനം സ്‌കോറും, പത്തനംതിട്ട വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രം 90.75 ശതമാനം സ്‌കോറും, തൃശൂര്‍ നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രം 97.24 ശതമാനം സ്‌കോറും, വയനാട് ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രം 87.84 ശതമാനം സ്‌കോറും നേടിയാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം കരസ്ഥമാക്കിയത്.

തിരുവനന്തപുരം കള്ളിക്കാട് ന്യൂ കുടുംബാരോഗ്യ കേന്ദ്രം 93.52 ശതമാനം സ്‌കോര്‍ നേടി മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും അംഗീകാരം നേടിയെടുത്തു.

സംസ്ഥാനത്തെ 5 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 43 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, 148 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന എഫ്.എച്ച്.സി./ യൂ.പി.എച്ച്.സികള്‍ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

ഇതിനിടെ, സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.എ.ബി.എച്ച്. അംഗീകാരവും ലഭിച്ചു. 61 ആയുര്‍വേദ ഡിസ്പെന്‍സറികള്‍ക്കും ഒരു സിദ്ധ ഡിസ്പെന്‍സറിക്കും ഹോമിയോപ്പതി വകുപ്പിലെ 38 ഡിസ്പെന്‍സറികള്‍ക്കുമാണ്  അംഗീകാരം.  ഇതോടെ ആകെ 250 ആയുഷ് സ്ഥാപനങ്ങള്‍ക്ക്  എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു. 

Malayalam News KERALA GOVENMENT Hospitals kerala