ഒറ്റപ്പാലത്ത് മോഷണംപോയെന്ന് കരുതിയ 63 പവന്‍ വീട്ടില്‍നിന്ന് കണ്ടെത്തി

വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍നിന്നാണ് സ്വര്‍ണം ഭദ്രമായി കണ്ടെത്തിയത്. അലമാരയിലെ പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം.

author-image
Prana
New Update
thief

ഒറ്റപ്പാലം ത്രാങ്ങാലിയിലെ അടച്ചിട്ട വീട്ടില്‍നിന്ന് മോഷണം പോയെന്നു കരുതിയ 63 പവന്‍ സ്വര്‍ണം വീട്ടില്‍നിന്നുതന്നെ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍നിന്നാണ് സ്വര്‍ണം ഭദ്രമായി കണ്ടെത്തിയത്. അലമാരയിലെ പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. എന്നാല്‍, വീട്ടിലുണ്ടായിരുന്ന ഒരുലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചും മോഷണം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണം ഉള്‍പ്പെടെ മോഷണം പോയതായി ബാലകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ബാലകൃഷ്ണന്‍ ചെന്നൈയിലുള്ള ഭാര്യയെ വിളിച്ച് സംസാരിച്ചതിനു പിന്നാലെയാണ് സ്വര്‍ണം കണ്ടെത്തിയത്. ഭാര്യ നല്‍കിയ വിവരമനുസരിച്ച് ഇരുമ്പ് അലമാരയിലെ പ്രത്യേക അറ പരിശോധിച്ചതോടെ സ്വര്‍ണം ഭദ്രമായി തന്നെ കണ്ടെത്തുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് വീട്ടില്‍ മോഷണം നടന്നതെന്നാണ് കരുതുന്നത്. മുകള്‍ നിലയിലെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് താഴെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന പണവും 35,000 രൂപ വിലവരുന്ന വാച്ചുമാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച രാത്രി ബാലകൃഷ്ണന്‍ വീട് പൂട്ടി മകളുടെ വീട്ടില്‍ പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ തിരിച്ചത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

house gold found thief currency