/kalakaumudi/media/media_files/2026/01/24/dr-palpu-kalakaumudi-2026-01-24-22-13-28.jpg)
അസമത്വത്തിന്റെ, ജാതീയതയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുകയും അതിനെതിരെ പോരാടുകയും ചെയ്ത വിപ്ലവകാരിയായ ഡോ. പല്‍പ്പു ഓര്‍മ്മയായിട്ട് 76 വര്‍ഷം. 1950 ജനുവരി 25നായിരുന്നു നവോത്ഥാന നായകരില്‍ പ്രഥമ ഗണനീയനായ ഡോ.പല്‍പ്പു ഓര്‍മ്മയായത്.
ഇന്ത്യന്‍ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരിയെന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച ഡോ. പത്മനാഭന്‍ പല്‍പ്പു 1863 നവംബര്‍ രണ്ടിന് തിരുവനന്തപുരം പേട്ടയില്‍ നെടുങ്ങോടെന്ന ഈഴവ കുടുംബത്തില്‍ മാതിക്കുട്ടി ഭഗവതിയുടെയും (ഭഗവതി പത്മനാഭന്‍) മാത പെരുമാളുടെയും മകനായാണ് ജനിച്ചത്. പല്‍പ്പുവിന് മെട്രിക്കുലേഷനുശേഷം തിരുവിതാംകൂര്‍ മെഡിക്കല്‍ സ്‌കൂളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ വിജയം നേടാനായെങ്കിലും പ്രവേശനം ലഭിച്ചില്ല. മെഡിക്കല്‍ സ്‌കൂളില്‍ ചേരുന്നതിനെതിരെ സവര്‍ണര്‍ ബഹളം കൂട്ടിയതാണ് കാരണം. ഡോക്ടറായാല്‍ അദ്ദേഹം കൊടുക്കുന്ന ഇംഗ്ലീഷ് മരുന്നില്‍ ചേര്‍ക്കുന്ന വെള്ളം സവര്‍ണര്‍ കുടിക്കേണ്ടിവരുമെന്നും അത് ആചാര മര്യാദയ്ക്ക് വിരുദ്ധമാണെന്നുമായിരുന്ന വാദം.
ഡോക്ടര്‍ ബിരുദം നേടിയ ശേഷം സ്വദേശമായ തിരുവിതാംകൂറില്‍ത്തന്നെ സേവന മനുഷ്ഠിക്കണമെന്ന ആഗ്രഹവും നിരസിക്കപ്പെടുകയാണുണ്ടായത്. സാമുദായികമായി നേരിട്ട ഈ തിരസ്‌കരണത്തെ, സാമൂഹ്യമായി നേരിടാന്‍ നടത്തിയ പരിശ്രമങ്ങളാണ് ആധുനിക കേരളത്തിന്റെ ശില്‍പ്പികളിലൊരാളാക്കി പല്‍പ്പുവിനെ മാറ്റിയത്.
1890-ല്‍ മദ്രാസ് സര്‍ക്കാരിന്റെ വാക്‌സിന്‍ ഡിപ്പോ സൂപ്രണ്ടായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, ബംഗളൂരുവിലും മൈസൂരുവിലും സമാന മേഖലകളില്‍ ഉന്നതപദവികളിലെത്തി. മൈസൂര്‍ സര്‍ക്കാരില്‍ സാനിറ്ററി കമീഷണറുടെ പഴ്സണല്‍ അസിസ്റ്റന്റായും ഡെപ്യൂട്ടി സാനിറ്ററി കമീഷണറായും തുടര്‍ന്ന് വാക്‌സിനേഷന്‍ ഇന്‍സ്‌പെക്ടറായും പ്രവര്‍ത്തിച്ചു. മൈസൂരില്‍ പ്ലേഗ് പടര്‍ന്നുപിടിച്ച കാലത്ത് അദ്ദേഹം നടത്തിയ ധീരമായ ശുശ്രൂഷകള്‍ അത്രയും മഹനീയമായിരുന്നു. ഈ സേവനം മുന്‍നിര്‍ത്തിയാണ് 1899ല്‍ മൈസൂര്‍ സര്‍ക്കാര്‍ ഉപരിപഠനത്തിനായി പല്‍പ്പുവിനെ യൂറോപ്പിലേക്ക് അയച്ചത്. നാട്ടില്‍ നിന്ന് എത്ര അകലെ ജീവിക്കേണ്ടിവന്നുവോ, അത്രയും അടുത്ത് നാടിന്റെ പ്രശ്നപരിഹാരങ്ങള്‍ക്കുവേണ്ടി മുന്നിട്ടുനിന്ന മഹത് ജീവിതമായിരുന്നു പല്‍പ്പുവിന്റേത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
