/kalakaumudi/media/media_files/2024/10/30/NiO4GkSBEXU3haFXILXx.jpg)
സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാന്‍ പ്രത്യേക കര്‍മ്മ പദ്ധതിയുമായി വിജിലന്‍സ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയതായി വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അറിയിച്ചു. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ് എന്ന പ്രത്യേക പരിശോധനയിലൂടെ ജനുവരിയില്‍ മാത്രം ഒമ്പത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാണ് പിടികൂടിയയത്. ജനുവരി മാസത്തില്‍ മാത്രമാണ് ഇത്രയധികം ഉദ്യോഗസ്ഥര്‍ കൈക്കൂലി കേസുകളില്‍ പിടിയിലാകുന്നത്.
എട്ട് സ്‌പോട്ട് ട്രാപ്പുകളില്‍ നിന്നാണ് ഒമ്പതുപേരെ പിടികൂടാനായതെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരെപ്പറ്റി പൊതുജനങ്ങള്‍ വിവരം നല്‍കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. ഒരു മാസത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ ഇത്രയധികം ഉദ്യോഗസ്ഥര്‍ പിടിയിലാകുന്നത് ആദ്യമാണെന്ന് വിജിലന്‍സ് അധികൃതര്‍ പറയുന്നു. അഴിമതിയാരോപണ നിഴലിലുള്ള ഉദ്യോഗസ്ഥരുടെ പട്ടിക താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്, കൂടാതെ ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇവരെ പിടികൂടാന്‍ പൊതുജനങ്ങളോട് സഹായം തേടിയിരിക്കുകയാണ് വിജിലന്‍സ്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഫയലുകള്‍ വൈകിപ്പിച്ചുകൊണ്ട് കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥരെ അടക്കം പിടികൂടാനാണ് വിജിലന്‍സ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.