കൊച്ചി: കിട്ടാത്ത സീറ്റിൽ വിജയിച്ചു കയറുക മുതൽ വിവിധ സംഘടനകൾക്കായി ഡിവിഷൻ പിടിച്ചെടുക്കുക വരെ ലക്ഷ്യമിട്ടാണ് വിമത സ്വതന്ത്രർ കച്ചമുറുക്കുന്നത്. സ്ത്രീകളാണ് അധികവും.
കൽവത്തി ഡിവിഷനിലാണ് ഏറ്റവുമധികം സ്വതന്ത്രർ മത്സരിക്കുന്നത്,​ എട്ട് സ്ഥാനാർത്ഥികളിൽ അഞ്ചും സ്വതന്ത്രർ. ഇതിൽ ഇടത് സ്ഥാനാർത്ഥിയുമുണ്ട്. മുസ്ലീംലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ എന്നിവർക്കാണ് ചിഹ്നത്തിൽ സ്ഥാനാർത്ഥിയുള്ളത്. നാല് സ്വതന്ത്രർ മത്സരിക്കുന്ന ഗിരിനഗർ ഡിവിഷനാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഇവിടെയും ഇടതിന് സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. യു.ഡി.എഫും ബി.ജെ.പിയും ട്വന്റി20യും ഡിവിഷൻ പിടിച്ചെടുക്കാൻ കളത്തിലുള്ള ഗിരിനഗർ വാശിയേറിയ മത്സരത്തിനാകും സാക്ഷിയാകുക.
എട്ട് പേർ മത്സരിക്കുന്ന പനയപ്പിള്ളി ഡിവിഷനിലും നാല് സ്ഥാനാർത്ഥികൾ സ്വതന്ത്രരാണ്. ഇവിടെ ഇടതിനും വലതിനും ബി.ജെ.പിക്കും സ്ഥാനാർത്ഥികളുണ്ട്. ചാക്കാമാടം, രവിപുരം, പൊന്നുരുന്നി, പൊന്നുരുന്നി ഈസ്റ്റ്, പൂണിത്തുറ, നമ്പ്യാപുരം, മുണ്ടംവേലി ഈസ്റ്റ്, ചുള്ളിക്കൽ, അമരാവതി എന്നീ ഡിവിഷനുകളിൽ മൂന്ന് വീതം സ്വതന്ത്രരാണ് കളത്തിലുള്ളത്.
വിമതർ കോൺഗ്രസ് 9, ബി.ജെ.പി 1
ഒമ്പത് വിമതരാണ് യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെയുള്ളത്. ജോസഫ് അലക്സ്, മുൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, ബാസ്റ്റിൻ ബാബു, ഹസീന നജീബ്, കെ.കെ. നിഷാദ്, റഹീസ സലാം, മാലിനി കുറുപ്പ്, സജി കബീർ, സോഫി രാജീവ് എന്നിവരാണിവർ. മുൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയ്ക്ക് എതിരെ പത്രിക നൽകിയവരിൽ ശശികുമാർ മാത്രമാണ് പിൻവലിച്ചത്. ബി.ജെ.പി ടിക്കറ്റിൽ 6 പ്രാവശ്യം കൗൺസിലറായ എസ്. ശ്യാമള പ്രഭു ഇക്കുറി സ്വതന്ത്രയായി പാർട്ടിക്ക് ഭീഷണി ഉയർത്തി.
ഒമ്പത് സ്ഥാനാർത്ഥികൾ!
തൃക്കണാർവട്ടം ഡിവിഷനിലാണ് ഏറ്റവും അധികം സ്ഥാനാർത്ഥികൾ. ഒമ്പത് പേർ. രണ്ടുപേർ സ്വതന്ത്രരാണ്. സി.പി.ഐ, ബി.ജെ.പി, മുസ്ലീംലീഗ്, എസ്.ഡി.പി.ഐ, ട്വന്റി20, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ്, വെൽഫെയർപാർട്ടി എന്നീ പാർട്ടികളാണ് ഡിവിഷൻ പിടിക്കാൻ രംഗത്തുള്ളത്.
242 സ്ത്രീകൾ
വനിതാ സംവരണമാണ് ഇക്കുറി കോർപ്പറേഷനിൽ. മേയർകുപ്പായം സ്വപ്നം കണ്ട് പോരിനിറങ്ങിയവർ ഏറെയാണ്. നിലവിൽ 242 സ്ത്രീകളാണ് 76 ഡിവിഷനുകളിൽ നിന്നായി ജനവിധി തേടുന്നത്. 190 പുരുഷന്മാരും സ്ഥാനാർത്ഥികളാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
