ഒന്‍പതുകാരിക്ക് പീഡനം; അമ്മമ്മയുടെ കാമുകന് മരണംവരെ ഇരട്ട ജീവപര്യന്തം

പ്രതിയെ ഇതേ കുട്ടിയുടെ അനുജത്തിയായ ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞയാഴ്ച ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഒരേ പ്രതിക്ക് രണ്ട് കേസുകളില്‍ ഇരട്ട ജീവപര്യന്തം കിട്ടുന്നത് അപൂര്‍വമാണ്.

author-image
Prana
New Update
sd

ഒന്‍പതു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മമ്മയുടെ കാമുകനായ പ്രതിക്ക് മരണംവരെ ഇരട്ട ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍. രേഖയാണ് ശിക്ഷ വിധിച്ചത്. പ്രതിയെ ഇതേ കുട്ടിയുടെ അനുജത്തിയായ ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞയാഴ്ച ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഒരേ പ്രതിക്ക് രണ്ട് കേസുകളില്‍ ഇരട്ട ജീവപര്യന്തം കിട്ടുന്നത് അപൂര്‍വമാണ്.
പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍ക്കണം. ഇത് കൂടാതെ പതിനാല് വര്‍ഷം കഠിനതടവും അനുഭവിക്കണം. കേസില്‍ മൊഴി പറഞ്ഞാല്‍ തനിക്ക് നാണക്കേടാണെന്ന് അച്ഛന്‍ കുട്ടിയോട് പറഞ്ഞെങ്കിലും കുട്ടി പ്രതിക്കെതിരായി മൊഴി പറഞ്ഞു.
2020, 2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മമ്മയ്ക്കായിരുന്നു. അമ്മമ്മയേയും ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് ഇവര്‍ പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തത്. ഈ സമയങ്ങളില്‍ അമ്മമ്മ പുറത്തുപോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്. ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും കുട്ടികളുടെ മുന്നില്‍ വെച്ച് പ്രതി അമ്മമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തില്‍ കുട്ടികളുടെ രഹസ്യഭാഗത്ത് മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്പോള്‍ കുട്ടികള്‍ പൊട്ടിക്കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാല്‍ ആരും കേട്ടില്ല. ഒരു ദിവസം കതകടക്കാതെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതാണ് സംഭവം പുറത്തറിയാന്‍ ഇടയായത്. കുട്ടികള്‍ നിലവില്‍ ഷെല്‍ട്ടര്‍ ഹോമിലാണ് താമസിക്കുന്നത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ ആര്‍. വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 20സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. മംഗലപുരം സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ എ. അന്‍സാരി, കെ. പി. തോംസണ്‍, എച്ച്. എല്‍. സജീഷ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.

 

pocso act Rape Case Life Improsonment