പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശമയച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതുപ്പാടി കാവുംപാറം സ്വദേശി മുഹമ്മദ് ഫാസിലിനെ (22) ആണ് കസ്റ്റഡിയിലെടുത്തത്. പെരുമ്പള്ളി സ്വദേശിനിയുടെ പരാതിയിൽ താമരശ്ശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പെൺകുട്ടിക്ക് പ്രതി പതിവായി അശ്ലീല സന്ദേശം അയക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചത്. ജനുവരിയിൽ പെൺകുട്ടിയുടെ വീടിനു മുന്നിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
അശ്ലീല സന്ദേശത്തെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് നഗ്നതാ പ്രദർശനം നടത്തിയതും ഇയാളാണെന്നു കണ്ടെത്തിയത്. രാത്രിയിൽ മുഖം മറച്ചെത്തി നഗ്നത പ്രദർശിപ്പിച്ച ശേഷം, വീട്ടുകാർ ബഹളം വയ്ക്കുമ്പോൾ ഓടി രക്ഷപെടുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.