വയോധികന്റെ വീടിന് ഭീഷണി; അയല്‍വാസിയുടെ മരങ്ങള്‍ വെട്ടിമാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

പ്രതിരോധമന്ത്രാലയത്തില്‍നിന്ന് വിരമിച്ച ഹര്‍ജിക്കാരനെ അദ്ദേഹത്തിന്റെ ന്യായമായ ആവശ്യത്തിനായി വര്‍ഷങ്ങളോളം ഓഫീസുകള്‍ കയറ്റിയിറക്കിയ നടപടി നാണക്കേടാണെന്നും കോടതി അഭിപ്രായപ്പെട്ടു

author-image
Biju
New Update
high court of kerala

കൊച്ചി: അയല്‍ വാസിയുടെ പറമ്പിലെ മരങ്ങള്‍ തന്റെ വീടിന് ഭീഷണിയാണെന്ന് കാണിച്ച് വയോധികന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ്. വിഷയം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തപ്പോഴാണ് 92-കാരനായ സി.ജെ. മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്.ഒരു മാസത്തിനകം വന്‍മരങ്ങള്‍ മുറിച്ചുനീക്കാന്‍ കൊച്ചി കോര്‍പ്പറേഷനോട് നിര്‍ദേശിച്ച് ഉത്തരവായി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. പ്രതിരോധമന്ത്രാലയത്തില്‍നിന്ന് വിരമിച്ച ഹര്‍ജിക്കാരനെ അദ്ദേഹത്തിന്റെ ന്യായമായ ആവശ്യത്തിനായി വര്‍ഷങ്ങളോളം ഓഫീസുകള്‍ കയറ്റിയിറക്കിയ നടപടി നാണക്കേടാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പള്ളുരുത്തി സ്വദേശിയാണ് ഹര്‍ജിക്കാരന്‍. രാമേശ്വരം വില്ലേജില്‍ 4.2 സെന്റ് സ്ഥലത്താണ് വീട്. വീടിന്റെ തെക്കുവശത്തെ ഏഴ് സെന്റ് സ്ഥലമാണ് കാടുകയറിക്കിടക്കുന്നത്. ആ സ്ഥലത്തിന്റെ ഉടമസ്ഥതയെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഉണ്ട്. അതോടെ ആരും ശ്രദ്ധിക്കാതായി. ഭൂമിയാകെ കാടുപിടിച്ചു. പാമ്പടക്കമുള്ള ഇഴജന്തുക്കള്‍ നിറഞ്ഞു. സ്ഥലത്തിന്റെ അതിര്‍ത്തിയിലുളള വന്‍മരങ്ങള്‍ ഹര്‍ജിക്കാരന്റെ വീടിനടക്കം ഭീഷണിയായി. തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒ.യ്ക്ക് പരാതി നല്‍കി. നടപടി സ്വീകരിക്കാന്‍ ആര്‍.ഡി.ഒ. കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. എന്നാല്‍, പ്രശ്‌നപരിഹാരം ഉണ്ടായില്ല.

ഇതിനു ശേഷം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചു. എന്നിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. തുടര്‍ന്ന് ജില്ലാ കളക്ടറെ സമീപിച്ചു. നടപടി സ്വീകരിക്കാന്‍ കളക്ടര്‍ കൊച്ചി കോര്‍പ്പറേഷനോട് പറഞ്ഞു. കോര്‍പ്പറേഷനില്‍ നിന്നെത്തിയ ഏതാനും തൊഴിലാളികള്‍ സ്ഥലത്തെ കാട് വെട്ടിത്തെളിച്ചു. പക്ഷേ, വന്‍മരങ്ങളില്‍ തൊട്ടില്ല. തുടര്‍ന്നാണ് ഹൈക്കോടതിയിലെത്തിയത്. ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം ഉള്ളതിനാല്‍ ഇവിടെ കയറാനാകില്ലെന്നാണ് സ്ഥലമുടമ അറിയിച്ചത്. എന്നാല്‍, അടിയന്തര ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഉടമയെ അറിയിക്കാതെ തന്നെ കോര്‍പ്പറേഷന് മരങ്ങള്‍ വെട്ടിനീക്കാന്‍ അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. എന്നിട്ടും തൊണ്ണൂറു പിന്നിട്ട പൗരനെ വലച്ച കോര്‍പ്പറേഷന്റെ നടപടി നാണക്കേടാണ്. തുടര്‍ന്നാണ് ഒരു മാസത്തിനകം മരങ്ങള്‍ മുറിച്ചുനീക്കാന്‍ നിര്‍ദേശിച്ച് ഉത്തരവിട്ടത്. ഇക്കാര്യം ജില്ലാ കളക്ടറും ആര്‍.ഡി.ഒ.യും ഉറപ്പാക്കണം. ഒന്‍പത് വര്‍ഷത്തോളം പിന്മാറാതെ നിയമപോരാട്ടം നടത്തിയ ഹര്‍ജിക്കാരന്റെ വീറിനെ അഭിനന്ദിച്ച് 'കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുന്‍പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം എന്ന ടി.എസ്. തിരുമുമ്പിന്റെ കവിതയിലെ വരികളും കോടതി ഉദ്ധരിച്ചു.