/kalakaumudi/media/media_files/2026/02/05/theeram-2026-02-05-15-15-31.jpg)
തിരുവനന്തപുരം: വലിയതുറ സ്വദേശികൾക്ക് പറയാനുള്ളത് വർഷങ്ങളായി നേരിടുന്ന അവഗണനയുടെയും അധികൃതരിൽ നിന്നുമുള്ള കടുത്തവിവേചനവുമാണ്. തങ്ങളുടെ ജീവിതത്തിന് വിലങ്ങുതടിയായി നിൽക്കുന്ന തടസ്സങ്ങൾ പരിഹരിക്കാൻ പുതുതായി അധികാരത്തിലേറിയ കോർപ്പറേഷൻ ഭരണസമിതി ഇടപെടുമെന്നുള്ള പ്രതീക്ഷയിലാണ് വലിയതുറ നിവാസികൾ.
സ്‌പെഷ്യാലിറ്റി ആശുപത്രി എന്നാണ് പേരെങ്കിലും ചോർന്നൊലിക്കുന്നതാണ് വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രി. പഴയ ഓടിട്ട ആശുപത്രി കെട്ടിടത്തിന് പുറമേ തീരദേശ വികസന കോർപ്പറേഷൻ നിർമ്മിച്ച രണ്ട് പുതിയ കെട്ടിടങ്ങൾ കൂടി ഇവിടെയുണ്ട്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രി കൂടിയാണിത്. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് പുറമേ 100 വർഷം മുൻപ് രാജഭരണ കാലത്ത് തലസ്ഥാനത്തുണ്ടായ ഫോർട്ട്,തൈക്കാട്,വലിയതുറ ആശുപത്രികൾക്ക് ഒരേ ചരിത്രമാണ് പറയാനുള്ളത്. ഫോർട്ട്,തൈക്കാട് ആശുപത്രികൾ വേണ്ടത്ര വികസിച്ചെങ്കിലും വലിയതുറ മാത്രം അവഗണിക്കപ്പെട്ടു. നിലവിലെ ചോർന്നൊലിക്കുന്ന ആശുപത്രിയുടെ അവസ്ഥ കടുത്ത ജനരോഷം ക്ഷണിച്ചു വരുത്തുകയാണ്. ആശുപത്രി കെട്ടിടത്തിന് മുകളിൽ ചോർച്ച അടയ്ക്കാൻ 14 ലക്ഷം മുടക്കി അശാസ്ത്രീയമായ രീതിയിൽ ഷീറ്റ് വിരിച്ചതു മുതൽ ജനങ്ങൾക്ക് പറയാൻ ഒട്ടേറെയുണ്ട് പ്രശ്‌നങ്ങൾ.
ആശുപത്രി നവീകരണത്തിന് കോർപ്പറേഷൻ 31,05000 രൂപ ഇപ്പോൾ അനുവദിച്ചിരിക്കുകയാണ്. പക്ഷേ ഇത് ഒന്നിനും തികയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
രണ്ട് നിലകളിലെ വലിപ്പമേറിയ പഴയ വലിയതുറ പൊലീസ് സ്റ്റേഷൻ കെട്ടിടം, ഇതിനോട് ചേർന്നുള്ള വിശാലമായ ഗോഡൗണുകൾ,സെന്റ് ആന്റണീസ് പള്ളിയോട് ചേർന്നുള്ള കസ്റ്റംസ് ക്വാർട്ടേഴ്‌സ് കെട്ടിടം,മത്സ്യ മാർക്കറ്റിനോട് ചേർന്നുള്ള ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ കെട്ടിടം,പഴയ അങ്കണവാടി കെട്ടിടത്തിന് താഴെ പ്രവർത്തിച്ചിരുന്ന മാതൃശിശു സംരക്ഷണ കേന്ദ്രം(പഴയ പാൽ ആശുപത്രി) എന്നീ കോടികൾ വിലമതിക്കുന്ന കോർപ്പറേഷൻ വക കെട്ടിടങ്ങൾ അനാഥമായിക്കിടക്കുകയാണ്.
ഇതിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മുകളിൽ മാലിന്യശേഖരണ കേന്ദ്രമായി പ്രവർത്തിക്കുകയാണ്. ഇവിടേക്ക് നാട്ടുകാർക്ക്ദുർഗന്ധം കാരണം അടുക്കാനേ കഴിയാത്ത ദുരവസ്ഥയാണ്. മന്ത്,പകർച്ച വ്യാധി രോഗങ്ങൾ തടയുന്നതിനായി കൊണ്ടു വന്ന മലോറിയ,ഫലേറിയ കെട്ടിടവും,മത്സ്യ മാർക്കറ്റിനോട് ചേർന്നുള്ള ഫിഷറീസ് ഓഫീസ് കെട്ടിടം എന്നിവയും മരണാവസ്ഥയിലായിട്ട് വർഷങ്ങളായി. ഈ കെട്ടിടങ്ങൾ നവീകരിച്ച് ഓഫീസുകളും മറ്റ് ഉപയോഗങ്ങൾക്കും പ്രയോജനപ്രദമാക്കാൻ കോർപ്പറേഷനും സർക്കാരും അടയന്തിര നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാർ പറയുന്നത്.
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മത്സ്യ മാർക്കറ്റ് കെട്ടിടം ഇന്ന് ഉപയോഗശൂന്യമായിക്കിടക്കുകയാണ്.
കച്ചവടക്കാരാകട്ടെ പുറത്ത് റോഡരികിലാണ് കച്ചവടം നടത്തുന്നത്. ഇതു കാരണം റോഡിലൂടെ നാട്ടുകാർക്ക് മൂക്കു പൊത്തി നടക്കേണ്ട ദുരിതാവസ്ഥയും. ഭക്ഷണ സാധനങ്ങൾ വിൽക്കുന്നിടത്ത് മാലിന്യം നിക്ഷേപിച്ചും മാർക്കറ്റിനുള്ളിലും മാലിന്യം കൊണ്ടിട്ട് അവിടേക്കും ചെല്ലേ വേണ്ട എന്ന സ്ഥിതിയും. ഇതിന് മാറ്റം വേണമെന്ന് നാട്ടുകാർ പറയുന്നു.
7.25 കോടി രൂപ വലിയതുറയിൽ കുഴിച്ചിട്ടിട്ട് വർഷം പത്ത് കഴിഞ്ഞെന്ന് പഴയ വാർഡ് കൗൺസിലർ ടോണി ഒളിവർ പറയുന്നു. ട്രെയിനേജിനായിട്ട് പൈപ്പ് സ്ഥാപിച്ചതാണ്. പക്ഷേ നാളിതുവരെ വലിയതുറയിൽ ട്രെയിനേജ് സംവിധാനം വന്നില്ല. പകരം തിരുവനന്തപുരം നഗരത്തിലെ മുഴുവൻ സ്വീവേജ് മാലിന്യവും വന്നടിയുന്നത് ഇവിടെയാണെന്നും ജനം പരാതിപ്പെടുന്നു. തീരദേശത്ത് പനത്തുറ മുതൽ പള്ളിത്തുറ വരെയുള്ള സ്ഥലത്ത് ഭൂഗർഭ ജലം മലിനമായി കിണർ കുഴിക്കാനോ ശുദ്ധജലം എടുക്കാനോ കഴിയുന്നില്ലെന്നും ജനം പരാതിപ്പെടുന്നു.അതുപോലെതന്നെ
കേരളത്തിലെ ധാരളം സ്‌പോർട്‌സ് താരങ്ങളെ സംഭാവന ചെയ്ത വലിയതുറയിലെ സെന്റ് ആന്റണീസ് പള്ളി ഫുട്‌ബോൾ ഗ്രൗണ്ട് പകുതിയിലേറെ കടലെടുത്തു കഴിഞ്ഞു. ഇന്ന് കൡലമില്ലാതെ യുവതലമുറ വലയുകയാണ്.
തീരശോഷണം തടയുന്നതിന് വലിയതുറ മുതൽ വേളിവരെ കുറഞ്ഞത് ഏഴ് പുലിമുട്ടുകളെങ്കിലും സ്ഥാപിക്കാൻ അധകൃതർ തയ്യാറാകണമന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
പൂട്ടിക്കിടക്കുന്ന വലിയതുറ പാലത്തിന് മുകളിൽ പകലും രാത്രി കാലങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും മയക്കു മരുന്ന് കഞ്ചാവ് കച്ചവടക്കാരുടെ വിഹാര കേന്ദ്രമാണെന്നും നിയന്ത്രിക്കാൻ സംവിധാനം വേണമെന്നും ആവശ്യമുയരുന്നു. മാത്രമല്ല,മത്സ്യ തൊഴിലാളികൾക്ക് പാലത്തിന് മുകളിൽ നിന്ന് വള്ളമിറക്കാൻ പാകത്തിൽ കടലിൽ ഫ്‌ലോട്ടിംഗ് സംവിധാനം നിർമ്മിക്കണമെന്നും ആവശ്യമുയരുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
